• 19 Sep 2019
  • 12: 21 AM
Latest News arrow

'മീ ടൂ' ആരോപണം: നടിക്ക് മറുപടിയുമായി സിദ്ദീഖ്

തനിക്കെതിരായ മീടൂ ആരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്തിന് മറുപടിയുമായി നടന്‍ സിദ്ദീഖ് രംഗത്ത്. 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ചിത്രത്തിലെ ഒരു രംഗമാണ് ആരോപണത്തിന് മറുപടിയായി സിദ്ദീഖ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. 

ചിത്രത്തില്‍ ബ്രജിത്ത് എന്ന വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണ് എന്നു പറയുന്ന വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. യുവതിയോട് 'ഐ ലവ് യു' എന്നു പറയുമ്പോള്‍ അവര്‍ തിരിച്ച് 'മീ ടൂ' എന്നു പറയുന്നു. യുവതി പറയുന്ന 'മീ ടൂ', ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ സജീവമായ 'മീ ടൂ' കാംപെയ്‌നാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം.

അതേസമയം ആരോപണത്തെ കുറിച്ച് സിദ്ദീഖ് പ്രതികരിച്ചതായി മാധ്യമങ്ങള്‍ പറയുന്നതിങ്ങനെ:
 ''ഞാന്‍ പ്രധാന വേഷത്തിലെത്തിയ 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യു ചടങ്ങില്‍ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് ഞങ്ങള്‍ പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തില്‍ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ല''- മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2006-ല്‍ 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ചടങ്ങിനിടെ സിദ്ദീഖില്‍ നിന്ന് മോശം അനുഭവം നേരിട്ടുണ്ടെന്നായിരുന്നു രേവതി സമ്പത്ത് ആരോപിച്ചത്. സ്വന്തം മകള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പിലൂടെ ചോദിച്ചിരുന്നു.