• 06 Dec 2022
  • 03: 31 PM
Latest News arrow

ഭൗമനിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2ബി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2ബി ഐസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് പിഎസ്എല്‍വി സി46 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപണം നടത്തിയത്. പുലര്‍ച്ചെ 5.27നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ 48ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഉപയോഗിക്കാതെയുള്ള ദൗത്യമായിരുന്നു പിഎസ്എല്‍വിയുടേത്.

ഉപഗ്രഹത്തിലെ സിന്തറ്റിക് അപാര്‍ച്ചര്‍ റഡാര്‍ രാപകല്‍ഭേദമില്ലാതെ, കാലാവസ്ഥാ വ്യത്യാസമില്ലാതെ മിഴിവുള്ള ചിത്രങ്ങള്‍ പകര്‍ത്തും. പാക് അധീന കശ്മീരിലെ സായുധകേന്ദ്രങ്ങള്‍ ഉള്‍പ്പടെ നിരീക്ഷിക്കുന്നതിന് ഉപഗ്രഹം സഹായകമാവും. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുനല്‍കുന്നതിനൊപ്പം കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കാനും ഉപഗ്രഹം സഹായകമാവുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഏതുകാലാവസ്ഥയിലും സൈന്യത്തെ സഹായിക്കുന്നതിന് ഉപകരിക്കുന്ന റിസാറ്റ് 2ബി ഉപഗ്രഹം പുതിയ സാങ്കേതികവിദ്യകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആകാശനിരീക്ഷണം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ഈ പുതിയ ദൗത്യത്തിലൂടെ രാജ്യാതിര്‍ത്തിയിലെ ഭീഷണികള്‍ നിരീക്ഷിക്കാനാവും. ശക്തമായ മേഘപടലങ്ങള്‍ക്കുള്ളില്‍ക്കൂടി കടന്നുചെല്ലാനും ഒളിപ്പിച്ചുവച്ചിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്താനും സാധിക്കുമെന്നതാണ് ഉപഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകത.

2009 ലാണ് റിസാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത്. 2012ല്‍ രണ്ടാമത്തെ ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ചു. 557 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് റിസാറ്റ് നിരീക്ഷണം നടത്തുക.