• 22 Oct 2019
  • 03: 33 AM
Latest News arrow

വെല്ലുവിളി നിറഞ്ഞ ലോകകപ്പെന്ന് വിരാട് കോലി; കിരീട പ്രതീക്ഷയുമായി 'ടീം ഇന്ത്യ' ഇംഗ്ലണ്ടിൽ

മുംബൈ: ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം കിരീടമെന്ന പ്രതീക്ഷയുമായി 'ടീം ഇന്ത്യ' ഇംഗ്ലണ്ടിലേക്ക് പറന്നു.

ഐസിസിയുടെ ഏകദിന ലോകകപ്പ് മെയ് 30-നാണ് തുടങ്ങുന്നത്. അതിനുമുമ്പുള്ള രണ്ടു സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കും. മെയ് 25-ന് ന്യൂസിലാന്‍ഡുമായും 28-ന് ബംഗ്ലാദേശുമായും ഇന്ത്യ ഏറ്റുമുട്ടും.  

വിരാട് കോലിക്കു കീഴില്‍ ഇന്ത്യകളിക്കുന്ന ആദ്യത്തെ ഐസിസി ലോകകപ്പാണിത്. 2011-ല്‍ ഇന്ത്യയെ ലോക ചാമ്പ്യൻമാരാക്കിയ നായകന്‍ എംഎസ് ധോണിയും ഇത്തവണ 'ടീം ഇന്ത്യ'യുടെ ഭാഗമാണ്. ധോണിയുടെ കരിയറിലെ അവസാനത്തെ ലോകകപ്പാണിത്.

ഏറെ വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇംഗ്ലണ്ടിലേക്കു തിരിക്കും മുമ്പ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകകപ്പിന്റെ ഫോര്‍മാറ്റാണ് ഏറെ വെല്ലുവിളി ഉയര്‍ത്തുകയെന്നും കോലി പറഞ്ഞു. 

"ഫോര്‍മാറ്റിന്റെ പ്രത്യേകതകൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്. അഫ്ഗാനിസ്ഥാന്‍ പോലും അടുത്തകാലത്ത് ഒരുപാട് പുരോഗതി കൈവരിച്ചു. അതുകൊണ്ട് തന്നെ എല്ലാ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടത് ആവശ്യമാണ്. ഇന്ത്യയുടേത് വളരെ മികച്ച സംഘമാണ്. വളരെ സന്തുലിതമായ, കരുത്തുറ്റ ടീമിനെയാണ് ലോകകപ്പില്‍ ഇത്തവണ ഇന്ത്യ ഇറക്കുന്നത്. ടീമിലുള്ള മുഴുവന്‍ താരങ്ങളും നിലവിൽ മികച്ച ഫോമിലാണ്.നല്ല പ്രകടനമാണ് അവരെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിലും ഓരോരുത്തരും തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്"- വിരാട് കോലി പറഞ്ഞു.

1992-ന് ശേഷം ഇതാദ്യമായാണ് എല്ലാ ടീമുകളും റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ അഞ്ചിന് സതാംപ്റ്റനിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 16 ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരമുണ്ട്. ജൂലൈ 14-നാണ് ലോകചാംപ്യന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.

ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ മെയ് 30ന് ഓവലില്‍ നടക്കുന്ന പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഇവർക്കു പുറമെ, ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും കിരീടപ്പോരാട്ടത്തിനായി ക്രീസിലിറങ്ങും. ഏകദിനത്തിലെ ഏറ്റവും മികച്ച 10 ടീമുകളാണ് ഇവർ. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകളാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ , കെ.എൽ.രാഹുൽ, വിജയ് ശങ്കർ, എം.എസ്.ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക് , യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക്  പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.