• 19 Sep 2019
  • 12: 16 AM
Latest News arrow

തിരഞ്ഞെടുപ്പ് തീർന്നു; 'നമോ ടിവി'യും തീർന്നു

ന്യൂദല്‍ഹി: വിവാദമായ 'നമോ ടി.വി'. ചാനല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അപ്രത്യക്ഷമായി. നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും റാലികളും സംപ്രേഷണം ചെയ്തിരുന്ന ചാനലായിരുന്നു ഇത്. അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ദിവസമാണ് 'നമോ ടി.വി'.യുടെ സംപ്രേഷണവും നിലച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബി.ജെ.പി.യുടെ പ്രചാരണത്തിനായി മാര്‍ച്ച് അവസാനമാണ് 'നമോ ടി.വി'.പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പിയുടെ  ഐ.ടി. സെല്ലിന്റെ മേല്‍നോട്ടത്തില്‍ സംപ്രേഷണം ചെയ്തിരുന്ന ചാനൽ,  ഡി.ടി.എച്ച്. സേവനദാതാക്കളിലൂടെയാണ് പൊതുജനത്തിനിടയിലേക്ക് എത്തിയത്. ചാനലിലെ പരിപാടികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതി ഉയര്‍ന്നതോടെ 'നമോ ടി.വി'.യെ ചൊല്ലിയും ചാനലിന്റെ ലൈസന്‍സിനെ സംബന്ധിച്ചും വിവാദമുയര്‍ന്നിരുന്നു. എന്നാല്‍ നമോ ടി.വി. പരസ്യപ്ലാറ്റ്‌ഫോമാണെന്നും ഇതിന് അപ് ലിങ്കിങ്, ഡൗണ്‍ലിങ്കിങ് അനുമതി ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം, ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് നമോ ടി.വി. ആരംഭിച്ചതെന്നും അതിനാല്‍ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണം അവസാനിച്ച മെയ് 17-ന് ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെച്ചുവെന്നും  ബി.ജെ.പി. പറയുന്നു.