• 01 Oct 2023
  • 08: 41 AM
Latest News arrow

സൗദിയില്‍ വിദേശികളുടെ ആശ്രിതര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി

മനാമ: സൗദിയില്‍ വിദേശികളുടെ ആശ്രിതരായി കഴിയുന്ന മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി. നിയമം ജനുവരി 21 ന് പ്രാബല്യത്തില്‍ വരുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. ഈ തീയതിക്ക് ശേഷം ഇന്‍ഷ്വറന്‍സ് എടുക്കാത്തവര്‍ക്ക് ഇഖാമ നല്‍കുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് ജവാസാത്ത് ഐടി ഡയറക്ടര്‍ മേധാവി കേണല്‍ ഖാലിദ് അല്‍ സിഖാന്‍ പറഞ്ഞു. അതേസമയം, ഫാമിലി സ്റ്റാറ്റസിലല്ലാതെ രാജ്യത്ത് കുടുംബത്തോടൊപ്പം കഴിയുന്ന ആയിരക്കണക്കിന് വിദേശികളെ പുതിയ തീരുമാനം ആശങ്കയിലാക്കി.

കൗണ്‍സില്‍ ഓഫ് കോ-ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷു്വറന്‍സ് (സിസിഎച്ച്‌ഐ) വ്യവസ്ഥയിലെ മൂന്നാം വകുപ്പു പ്രകാരമാണ് തീരുമാനം. വിദേശികളുടെ ആശ്രിതരുടെ ആരോഗ്യ ഇന്‍ഷു്വറന്‍സ് വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ഡിജിറ്റലായി സൂക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രാലയത്തിലെ സിസ്റ്റം കൗണ്‍സില്‍ ഓഫ് കോ-ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ സേവനത്തിന് സമീപിക്കുന്നവര്‍ തങ്ങളുടെ ആശ്രിതര്‍ക്ക് ഇന്‍ഷ്വറന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇന്‍ഷ്വറന്‍സ്, പാസ്‌പോര്‍ട്ട് വിഭാഗങ്ങളെ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ചതിനാലാണിത്.

സ്വകാര്യ കമ്പനികള്‍ തൊഴിലാളിയുടെ ആശ്രിതര്‍ക്ക് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം നല്‍കണമെന്നും അല്ലാത്ത കമ്പനികളുടെ റിക്രൂട്ട്‌മെന്റ്  ആരോഗ്യ സമിതി നിയമാവലി അനുസരിച്ച് തല്‍ക്കാലികമായോ സ്ഥിരമായോ  നിര്‍ത്തിവെക്കുമെന്നും കോ-ഓപറേറ്റീവ് ഇന്‍ഷുറന്‍സ് വിഭാഗം വ്യക്തമാക്കി. പാസ്‌പോര്‍ട്ട് വിഭാഗം, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അല്‍അലം ഐടി കമ്പനി എന്നിവ സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

 ഇന്‍ഷ്വറന്‍സ് സേവനം  രാജ്യത്തെ അംഗീകൃത ഇന്‍ഷ്വന്‍സ് സേവന ദാതാക്കളില്‍ നിന്നുതന്നെ നേടണം.  ആശ്രിതര്‍ രാജ്യത്തു തങ്ങുന്നതുവരെയുള്ള കാലയളവിലേക്കായിരിക്കണം കവറേജ്. സ്വദേശികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കുമെന്നതിനാല്‍ വിദേശികള്‍ ഉള്‍പ്പെടെ രാജ്യത്ത് താമസിക്കുന്ന എല്ലാവര്‍ക്കും മെഡിക്കല്‍ കവറേജ് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

 ഫാമിലി സ്റ്റാറ്റസിലല്ലാതെ രാജ്യത്ത് കുടുംബത്തെ കൊണ്ടുവന്ന വിദേശികള്‍ക്ക് പുതിയ നിയമം അധിക ബാധ്യത വരുത്തിവെക്കും. കുടുംബത്തിന്റെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കാത്ത സാഹചര്യത്തില്‍ സ്വന്തമായി ചെലവ് വഹിക്കാന്‍ ഇത്തരം കുറഞ്ഞ വരുമാനക്കാര്‍ നിര്‍ബന്ധിതരായിത്തീരും.

 സൗദിയിലേക്ക് സന്ദര്‍ശനവിസയില്‍ വരുന്നവര്‍ക്കും അടുത്ത ഘട്ടമായി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുമെന്ന് സിസിഎച്ച്‌ഐ കഴിഞ്ഞ ഡിസംബറില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഹജ്ജ്, ഉംറ തീര്‍ത്ഥാടകരും ഡിപ്ലൊമാറ്റിക് പാസ്‌പോര്‍ട്ട്, പ്രത്യേക പാസ്‌പോര്‍ട്ട് എന്നിവ ഉള്ളവര്‍, രാജ്യത്തിന്റെ അതിഥികള്‍, ചികിത്സക്കായി വരുന്നവര്‍ എന്നിവരെ ഇതില്‍നിന്നൊഴിവാക്കിയിട്ടുണ്ട്. പത്തുലക്ഷത്തോളം സന്ദര്‍ശകള്‍, പ്രത്യേകിച്ചും പ്രവാസികളുടെ കുടുംബങ്ങള്‍ എന്നിവരെ പുതിയ തീരുമാനം ബാധിക്കും.