• 26 May 2019
  • 03: 48 PM
Latest News arrow

"ബാങ്കാണ് കുറ്റക്കാരെന്ന് എല്ലാവരും ചേർന്ന് തീർപ്പുകൽപ്പിച്ചു"- കാനറാ ബാങ്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാര്യം മനസ്സിലാക്കാതെ ബാങ്കിനെ കുറ്റപ്പെടുത്തിയതായി കാനറാ ബാങ്ക് അധികൃതർ പ്രതികരിച്ചു.

"എല്ലാവശവും നോക്കാതെ ബാങ്കാണ് കുറ്റക്കാരെന്ന് എല്ലാവരും ചേർന്ന് തീര്‍പ്പുകല്‍പ്പിച്ചു. ചന്ദ്രനെയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ല. ചട്ടത്തിനപ്പുറമായി കുടുംബത്തിന് തിരിച്ചടവിന് സമയം നീട്ടിനല്‍കിയിരുന്നു. കുടുംബത്തിന് ഇനിയും ഇളവുകള്‍ നല്‍കാന്‍ തയ്യാറാണ്."-  കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍ ജേക്കബ് പി ചിറ്റാട്ടുകുളം വ്യക്തമാക്കി. 

ചൊവ്വാഴ്ചയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തത്. കാനറാ ബാങ്കിലെ വായ്പാ കുടിശ്ശികയില്‍ ജപ്തി നടപടികള്‍ നടക്കുമ്പോള്‍ ആയിരുന്നു സംഭവം. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളും മറ്റും കാനറാ ബാങ്കിന്  നേരെ തിരിയുകയായിരുന്നു. ബാങ്കിന്റെ റീജ്യണൽ ഓഫീസ് അടിച്ചുതകർക്കുന്ന സംഭവം വരെയുണ്ടായി.

എന്നാല്‍ സംഭവം നടന്ന വീട്ടില്‍ നിന്ന് അമ്മയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. മരണത്തിന് കാരണം ഭര്‍ത്താവ് ചന്ദ്രനും ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മയും സഹോദരി ശാന്തയും മറ്റൊരു കുടുംബ സുഹൃത്തുമാണെന്ന് കത്തില്‍ പറയുന്നു.

ആത്മഹത്യ ചെയ്ത റൂമില്‍ ഒട്ടിച്ച നിലയിലായിരുന്നു കത്ത് കണ്ടെത്തിയത്.  സ്ത്രീധനത്തിന്റെയും മന്ത്രവാദത്തിന്റെയും പേരില്‍ കൃഷ്ണമ്മ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ജപ്തി നോട്ടീസ് ലഭിച്ചിട്ട് ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അടച്ചിട്ട വീട്ടു മുറിയില്‍ നിന്ന് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി ആദ്യം മരിച്ചു. 90 ശതമാനവും പൊള്ളലേറ്റ ലേഖ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു.

വൈഷ്ണവിയുടെയും ലേഖയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം സംസ്‌കരിച്ചു.