• 26 May 2019
  • 03: 53 PM
Latest News arrow

അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്‌കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസുകള്‍ തിരുത്തിയ സംഭവത്തില്‍ വീണ്ടും പരീക്ഷയെഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അംഗീകരിച്ച് വിദ്യാര്‍ത്ഥികള്‍. നേരത്തെ ഈ തീരുമാനം അംഗീകരിക്കില്ലെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പ്രതികരിച്ചിരുന്നു.

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്നും പരീക്ഷാ ദിവസം സ്‌കൂളില്‍ ഉണ്ടായിരുന്ന മറ്റ് അധ്യാപകരില്‍ നിന്നും മൊഴി എടുത്തിരുന്നു.

കേസില്‍ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ, നീലേശ്വരം സ്‌കൂളിൽ വ്യാപക ക്രമക്കേടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കൂടുതൽ ഉത്തരക്കടലാസുകൾ തിരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.