• 22 Oct 2019
  • 03: 33 AM
Latest News arrow

വാതുവെപ്പ് മാഫിയയെയും ഒത്തുകളിക്കാരെയും ഒഴിവാക്കാനുറച്ച് ഐ.സി.സി

ലണ്ടന്‍: മെയ് 30 ന് ലണ്ടനിൽ തുടങ്ങുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ കര്‍ശന നടപടികൾ തുടങ്ങി. അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ലോകകപ്പില്‍ മത്സരിക്കുന്ന 10 ടീമുകള്‍ക്കൊപ്പവും സ്ഥിരമായുണ്ടാകുമെന്ന് ഇന്റർനാഷനൽ ക്രിക്കറ്റ് കൌൺസിൽ (ഐസിസി) വ്യക്തമാക്കി. ആദ്യമായാണ് ഐസിസി ഇത്തരമൊരു ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. 

സന്നാഹ മത്സരങ്ങള്‍ മുതല്‍ ഫൈനല്‍ മത്സരം വരെയും അഴിമതി വിരുദ്ധ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ടീമിനൊപ്പമുണ്ടാകും. ഇവര്‍ ടീമുകള്‍ക്കൊപ്പം ഹോട്ടലില്‍ താമസിക്കുകയും പരിശീലന വേദികളിലേക്കടക്കം താരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. വാതുവെപ്പ്  മാഫിയയുടെ പ്രതിനിധികള്‍, താരങ്ങളെ സമീപിക്കാതിരിക്കാനായാണ് മുന്‍കരുതല്‍ എടുക്കുന്നതെന്നും ഐസിസി വ്യക്തമാക്കി.

മുമ്പ് മത്സരം നടക്കുന്ന വേദികളിൽ മാത്രമായിരുന്നു  ഐസിസിയുടെ അഴിമതിവിരുദ്ധ സമിതിയുടെ  പ്രതിനിധിയുണ്ടായിരുന്നത്. ടീമുകള്‍ക്കൊപ്പം സ്ഥിരം പ്രതിനിധിയെ അയക്കുന്നതോടെ കളിക്കാര്‍ക്ക് ആശയവിനിമയം നടത്താന്‍ കൂടുതല്‍ സൗകര്യമാകുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.