• 19 Aug 2019
  • 02: 59 PM
Latest News arrow

അമേരിക്കന്‍ ഉപരോധം: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന് വ്യക്തമാക്കി ഇന്ത്യ. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ജവാദ് ശരീഫുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മെയ് 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം രൂപം കൊള്ളുന്ന പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ഇറാന്‍ ആണവ പദ്ധതിയുമായും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായും ബന്ധപ്പെട്ട് അമേരിക്ക രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഏതാണ്ട് നിലച്ച മട്ടാണ്. നേരത്തെ ഇന്ത്യക്കും ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് ചില രാജ്യങ്ങള്‍ക്കും നല്‍കിയിരുന്ന ഇളവ് പ്രസിഡന്റ് ട്രംമ്പ് പിന്‍വലിച്ചിരുന്നു. ഇതോടെയാണ് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് നിര്‍ണായക തീരുമാനം എടുക്കേണ്ടി വരുന്നത്.

ഇറാനെതിരായ അമേരിക്കയുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ എണ്ണ കയറ്റുമതി പകുതിയിലേറെ കുറഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്. ദിവസം ഒരു മില്യന്‍ ബാരലിന്റെ കുറവുണ്ടായതായാണ്  പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷം ഇറാന്റെ എണ്ണ കയറ്റുമതി ദിവസം 2.8 മില്യണ്‍ ബാരലായിരുന്നു. ഇത് ആഗോള എണ്ണവിലയെ ബാധിക്കുമോ എന്ന ആശങ്ക ലോകരാജ്യങ്ങള്‍ക്കുണ്ട്.

അതേസമയം, ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായാണ് വിലയിരുത്തപ്പെടുന്നത്.