• 22 Oct 2019
  • 03: 46 AM
Latest News arrow

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: കാനറ ബാങ്കിന് നേരെ പ്രതിഷേധം

നെയ്യാറ്റിന്‍കര: ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കാനറ ബാങ്കിലേക്ക് പ്രതിഷേധമാർച്ച്. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു.

രാവിലെ ഒമ്പതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ബാങ്ക് കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ശാഖകള്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ അടച്ചിടും.