• 19 Aug 2019
  • 02: 41 PM
Latest News arrow

നെയ്യാറ്റിന്‍കര ആത്മഹത്യ: ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്; വിശദമായി അന്വേഷിക്കുമെന്ന് പോലീസ്

നെയ്യാറ്റിന്‍കര: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രനും ബന്ധുക്കളും അറസ്റ്റില്‍. മരണത്തിന്  പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നുള്ള ആത്മഹത്യാക്കുറിപ്പ്  കണ്ടെത്തിയതോടെയാണ് ഇവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നത്. മരണത്തിന് കാരണം ഭര്‍ത്താവ് ചന്ദ്രനും ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മയും സഹോദരി ശാന്തയും മറ്റൊരു കുടുംബ സുഹൃത്തുമാണെന്ന് കത്തില്‍ പറയുന്നു. 

 അതേസമയം തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രവാദത്തെ കുറിച്ച് അറിയില്ലെന്നും പ്രതികള്‍ മൊഴി നല്‍കി. ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.  നിലവില്‍ ആത്മഹത്യാക്കുറിപ്പില്‍ ബാങ്കിനെതിരെ പ്രത്യേകിച്ച് പരാമര്‍ശങ്ങളൊന്നുമില്ല. ആത്മഹത്യക്ക് കാരണം ഭര്‍ത്താവും ബന്ധുക്കളുമാണെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മന്ത്രവാദവും പീഡനവുമടക്കമുള്ള സാധ്യതകള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വിനോദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ആത്മഹത്യ ചെയ്ത റൂമില്‍ ഒട്ടിച്ച നിലയിലായിരുന്നു കത്ത് കണ്ടെത്തിയത്.  സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ജപ്തി നോട്ടീസ് ലഭിച്ചിട്ട് ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നുമാണ് കത്തില്‍ പറയുന്നത്.

''കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോഴും അവിടെയും തടസം നിന്നത് കൃഷ്ണമ്മയാണ്. ആല്‍ത്തറയുണ്ട്, അവര് നോക്കിക്കൊള്ളും നീ ഒന്നും പേടിക്കേണ്ട എന്ന് പറഞ്ഞ് മോനേ തെറ്റിക്കും. ഭര്‍ത്താവ് അറിയാതെ അഞ്ചു രൂപ നാട്ടുകാരുടെ കയ്യില്‍ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കില്‍ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭര്‍ത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയില്‍ കൊണ്ടു വന്ന് പൂജിക്കലാണ് അമ്മയുടേയും മകന്റേയും ജോലി. ഭാര്യ എന്ന സ്ഥാനം ഒരിക്കലും തന്നിട്ടില്ല. മന്ത്രവാദി പറയുന്ന വാക്ക് കേട്ട് എന്നെ വന്ന് ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്യും. എന്റെയും മകളുടേയും മരണ കാരണം കൃഷ്ണമ്മ, ഭര്‍ത്താവ്, കാശി, ശാന്ത എന്നിവരാണ്. ഈ ലോകം മുഴുവന്‍ എന്നെയും മോളെയും പറ്റി പറഞ്ഞ് നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി. ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദികളുടെ അടുത്ത് പോവുകയാണ് ചെയ്തത്. ഈ വീട്ടില്‍ എന്നും വഴക്കാണ് നേരം വെളുത്താല്‍ ഇരുട്ടുന്നത് വരെ. നിന്നേയും മകളേയും കൊല്ലുമെന്നാണ് കൃഷ്ണമ്മ പറയുന്നത്.''

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മാരായമുട്ടത്തെ വീട്ടില്‍ വച്ച് മകള്‍ വൈഷ്ണവിയും അമ്മ ലേഖയും ആത്മഹത്യ ചെയ്യുന്നത്. ബാങ്കില്‍ നിന്നും എടുത്ത വായ്പ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ വീടും പറമ്പും ജപ്തി ചെയ്യുന്നതിന്റെ മനോവിഷമത്തിലായിരുന്നു ഇരുവരും ആത്മഹത്യ ചെയ്തതെന്നായിരുന്നു പുറത്ത് വന്നിരുന്ന വാര്‍ത്ത.

അടച്ചിട്ട വീട്ടു മുറിയില്‍ നിന്ന് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി ആദ്യം മരിച്ചു. 90 ശതമാനവും പൊള്ളലേറ്റ ലേഖ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു.