• 19 Aug 2019
  • 02: 54 PM
Latest News arrow

ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി നടപടിക്കിടെ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. മകള്‍ വൈഷ്ണവി(19) മരിച്ചു. കുട്ടിയുടെ അമ്മ ലേഖയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനറാ ബാങ്കില്‍ നിന്നും ഏഴ് ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നതായാണ് വിവരം. ജപ്തി നടപടി ഉടന്‍ ഉണ്ടാകുമെന്ന് വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ.

നെയ്യാറ്റിന്‍കര കാനറ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ, 15 വര്‍ഷം മുമ്പ് ഇവര്‍ വായ്പയെടുത്തിരുന്നു. പലിശ സഹിതം ഇപ്പോള്‍ ആറു ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഭര്‍ത്താവിന് ഗള്‍ഫില്‍ ജോലിയുണ്ടായിരുന്നു. എന്നാല്‍ അത് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാണ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. 
അതേസമയം വായ്പ തിരിച്ചുകിട്ടാനായി കേസ് കൊടുത്തിരുന്നെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. തിരിച്ചടയ്ക്കാന്‍ കുടുംബം സമയം നീട്ടി ചോദിച്ചിരുന്നു. തിരിച്ചടയ്ക്കാനുള്ള സമയ പരിധി ഇന്നവസാനിച്ചിരുന്നതായും ബാങ്ക് വ്യക്തമാക്കി. എന്നാല്‍ ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു. ഇന്ന് ജപ്തി ചെയ്യുമെന്ന് ബാങ്ക് അറിയിച്ചിരുന്നെന്ന് ഭര്‍ത്താവ് ചന്ദ്രന്‍ പറഞ്ഞു.