• 26 May 2019
  • 03: 43 PM
Latest News arrow

കോടീശ്വരന്‍മാര്‍ക്ക് ഇന്ത്യയേക്കാള്‍ പ്രിയം അമേരിക്കയും ഓസ്‌ട്രേലിയയും

കോടിക്കണക്കിന് ആളുകള്‍ ദാരിദ്രത്തില്‍ ജീവിക്കുന്നുണ്ടെങ്കിലും കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ എന്നും സമ്പന്നമാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും കോടീശ്വരന്‍മാര്‍ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതായുള്ള കണക്കുകള്‍ പുറത്ത് വരുന്നത്. ആഫ്രേഷ്യ ബാങ്ക് ആന്റ് റിസര്‍ച്ച് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തുവിട്ട പട്ടികയാണ് ഇത് സൂചിപ്പിക്കുന്നത്. 
5000 അതിസമ്പന്നരാണ് 2018ല്‍ മാത്രം ഇന്ത്യ വിട്ടുപോയത്. ഇന്ത്യയിലെ മൊത്തം കോടീശ്വരന്‍മാരിലെ രണ്ടു ശതമാനത്തോളം വരുമിത്. എന്നാല്‍ ഇന്ത്യ ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് പ്രിയം അമേരിക്കയും ഓസ്‌ട്രേലിയയുമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുപ്പത് വര്‍ഷത്തോളമായി ബ്രിട്ടനായിരുന്നു രാജ്യങ്ങള്‍ വിട്ടുപോരുന്ന കോടീശ്വരന്‍മാര്‍ താമസിക്കാന്‍ തിരഞ്ഞെടുത്തിരുന്ന രാജ്യം. എന്നാല്‍ ബ്രക്‌സിറ്റ് കാരണം ബ്രിട്ടന്‍ പിന്നോട്ടു പോകുകയായിരുന്നു.

രാജ്യം വിട്ടുപോകുന്ന കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ലോകത്ത് മൂന്നാം സ്ഥാനമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചൈനയാണ് ഒന്നാം സ്ഥാനത്ത് തൊട്ടുപിന്നില്‍ റഷ്യയും. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്നുണ്ടായ ഞെരുക്കമാണ് കോടീശ്വരന്‍മാര്‍ ചൈന വിട്ടുപോകാനുള്ള കാരണമായി പറയുന്നത്. 15,000 പേരാണ് ചൈന ഉപേക്ഷിച്ചു പോയത്. റഷ്യയില്‍ നിന്ന് 7000 പേരും രാജ്യം വിട്ടുപോയി.

ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത് കനത്ത അസമത്വം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 48 ശതമാനത്തോളം കോടീശ്വരന്‍മാരുടെ കൈകളിലാണ്. ലോകത്ത് ഇത് 38 ശതമാനം മാത്രമാണ്. കൂടാതെ ജര്‍മ്മനിയെയും ബ്രിട്ടനെയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വാണിജ്യ മാര്‍ക്കറ്റുള്ള രാജ്യമായി 2028ല്‍ ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം കോടീശ്വരന്‍മാര്‍ രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് ചൈനയും ഇന്ത്യയും ആശങ്കപ്പെടേണ്ടതില്ല എന്നും വിട്ടുപോകുന്നവരേക്കാള്‍ കൂടുതല്‍ കോടീശ്വരന്‍മാരെ ഇരു രാജ്യങ്ങളും സൃഷ്ഠിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.