• 19 Aug 2019
  • 02: 48 PM
Latest News arrow

അമീഷിന്റെ 'രാവണ്‍- എനിമി ഓഫ് ആര്യാവര്‍ത്ത' ജൂലായിൽ

ജനപ്രിയ ഇംഗ്ലീഷ് നോവലിസ്റ്റായ അമീഷ് ത്രിപാഠി രാമചന്ദ്ര പരമ്പരയിലെ പുത്തന്‍ പുസ്തകവുമായി വായനക്കാരുടെ ഇടയിലേക്കെത്തുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  'രാവണ്‍- എനിമി ഓഫ് ആര്യാവര്‍ത്ത' എന്ന് പേരിട്ട പുസ്തകം ഇറങ്ങുന്നത്.  അമീഷിന്റെ 'രാമചന്ദ്ര പരമ്പര'യിലെ മൂന്നാം പുസ്തകമാണിത്. ജൂലായിലാണ് പുസ്തകം പുറത്തിറങ്ങുക. 

അഞ്ച് പുസ്തകങ്ങള്‍ അടങ്ങുന്ന രാമചന്ദ്ര പരമ്പര രാമായണ കഥയുടെ പുനരാഖ്യാനമാണ്. രാമചന്ദ്ര പരമ്പരയിലെ ആദ്യ നോവലായ 'റാം- സയണ്‍ ഓഫ് ഇക്ഷ്വാകു' 2015-ലാണ് വായനക്കാരിലെത്തിയത്. അയോദ്ധ്യയുടെ രാജകുമാരന്‍ രാമനെക്കുറിച്ചായിരുന്നു 'റാം- സയണ്‍ ഓഫ് ഇക്ഷ്വാകു' . രാമന്റെ ജനനം മുതല്‍ സീതയെ തട്ടിക്കൊണ്ട് പോകുന്നത് വരെയാണ് പുസ്തകം പറഞ്ഞത്.

2017 ല്‍ രണ്ടാം ഭാഗം 'സീത- വാറിയര്‍ ഓഫ് മിഥില'പുറത്തിറങ്ങി. ജനകന്റെ ദത്തുപുത്രി സീതയുടെ കഥയാണ്   'സീത- വാറിയര്‍ ഓഫ് മിഥില'. സീതയുടെ ജനനം മുതല്‍ രാവണനാല്‍ അപഹരിക്കപ്പെടുന്നത് വരെയാണ്  കഥ.

.മുന്നാമത്തെ പുസ്തകം 'രാവണ്‍- എനിമി ഓഫ് ആര്യാവര്‍ത്ത' രാവണന്റെ കഥയാണ് പറയുന്നത്.

"ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും രാവണനെ കാണുന്നത് 1980-കളിലെ ടെലിവിഷന്‍  പരമ്പരകളെ അടിസ്ഥാനമാക്കിയാണ്. അതാണെങ്കില്‍ വളരെ ഉപരിപ്ലവമായ  കാഴ്ചയാണ്. എന്നാല്‍ വാല്മീകി രാമായണം പോലുള്ള പുരാതന രാമായണങ്ങള്‍ പരിശോധിച്ചാല്‍ രാവണന്റെ കുറച്ചുകൂടി കൃത്യമായ കഥ കിട്ടും." -  അമീഷ് പറയുന്നു. 

 പുസ്തത്തിന് നേരത്തെ 'രാവണ്‍- ഓര്‍ഫന്‍ ഓഫ് ആര്യാവര്‍ത്ത' എന്നാണ് പേര് നല്‍കിയിരുന്നത്. എന്നാല്‍ അത് 'രാവണ്‍- എനിമി ഓഫ് ആര്യാവര്‍ത്ത' എന്നാക്കി മാറ്റിയെന്നും  അമീഷ് അറിയിച്ചു.