• 19 Aug 2019
  • 02: 47 PM
Latest News arrow

മാതൃദിനത്തില്‍ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഇറോം ശര്‍മ്മിള

ബംഗളൂരു: തന്റെ നാല്‍പ്പത്തിയാറാം വയസ്സില്‍, മാതൃദിനമായ മെയ് 12-ന് ഞായറാഴ്ച ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇറോം ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം 2017ലാണ് ഇറോം ശര്‍മ്മിളയും ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിന്യോയും തമ്മിലുള്ള വിവാഹം നടന്നത്.

മണിപ്പൂറിലെ സൈനിക അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും സൈനിക പ്രത്യേകാധികാര നിയമമായ അഫ്‌സ്പക്കെതിരെയും 16 വര്‍ഷക്കാലം നിരാഹാരം നടത്തിയാണ് ഇറോം പ്രശസ്തയായത്. സ്ത്രീക്കരുത്തിന്റെ പ്രതീകമായും ഇവര്‍ വിശേഷിപ്പിക്കപ്പെട്ടു. 2000 മുതല്‍ 2016 വരെയായിരുന്നു നിരാഹാരം. 

2016-ല്‍ നിരാഹാര സമരം അവസാനിപ്പിച്ച് മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. കനത്ത പരാജയമായിരുന്നു ഫലം.
തുടര്‍ന്ന് മണിപ്പൂരില്‍ നിന്ന് കേരളത്തിലേക്കും, ശേഷം തമിഴ്‌നാട്ടിലേക്കും താമസം മാറ്റി. കൊടൈക്കനാലില്‍ വച്ചാണ് 2017 ആഗസ്റ്റില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കുടിന്യോയെ ഇവര്‍ വിവാഹം ചെയ്തത്.