• 19 Aug 2019
  • 03: 00 PM
Latest News arrow

സ്ത്രീകള്‍ക്ക് വോട്ട് ചെയ്ത് കൊടുക്കുന്ന പോളിങ് ഏജന്റ്; പിന്നാലെ അറസ്റ്റ്: വീഡിയോ പുറത്ത്

ഫരീദാബാദ്: വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ വോട്ട് ചെയ്ത പോളിങ് ഏജന്റ് അറസ്റ്റില്‍. ഹരിയാനയിലെ ഫരീബാദിലെ പ്രിതാലയിലെ പോളിങ് ബൂത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സ്ത്രീകള്‍ വോട്ട് ചെയ്യാനായി എത്തുമ്പോള്‍ പോളിങ് ഏജന്റായി ബൂത്തില്‍ ഇരിക്കുന്നയാള്‍ എഴുന്നേറ്റ് ചെന്ന് വോട്ടിങ് മെഷിന്‍ വെച്ചിരിക്കുന്ന കമ്പാര്‍ട്ട്‌മെന്റില്‍ കയറി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇയാള്‍ രണ്ടുതവണ ഇക്കാര്യം ആവര്‍ത്തിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ബൂത്തിലിരിക്കുന്ന മറ്റ് അധികൃതര്‍ ആരും തന്നെ ഇയാളെ തടയുന്നില്ല.

വീഡിയോ വൈറലായതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ഇതോടെ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അശോക് ലവാസ വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.