• 26 May 2019
  • 03: 58 PM
Latest News arrow

ഉപ്പലില്‍ മുംബൈയുടെ പൊട്ടിച്ചിരി; ചെന്നൈയെ ഒരു റണ്‍സിന് തളച്ച് നാലാം ഐപിഎല്‍ കിരീടം

ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ചാമ്പ്യന്‍മാര്‍. ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആവേശം അണപൊട്ടിയ ഫൈനല്‍സില്‍ മുംബൈയുടെ ചിരി മുഴങ്ങിക്കേട്ടു.  അവസാന പന്തില്‍ രണ്ട് റണ്‍സ് മാത്രം മതിയായിരുന്ന ചെന്നൈയ്ക്ക് വിക്കറ്റ് നഷ്ടമാവുകയായിരുന്നു. മുംബൈ മുന്നോട്ട് വെച്ച 150 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 148ല്‍ കളി അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെ നാലാമത്തെ ഐപിഎല്‍ കിരീടവുമായി മുംബൈ വിജയപീഠം കയറി. 

ഷാര്‍ദുല്‍ താക്കൂറിനെ നേരെയുള്ള മലിംഗയുടെ യോര്‍ക്കറാണ് വിജയത്തിന് രണ്ട് റണ്‍സ് അകലെ ചെന്നൈയെ തളച്ചത്. രണ്ട് റണ്‍സെടുത്ത് എംഎസ് ധോണി ആദ്യമേ മുംബൈയ്ക്ക് മുമ്പില്‍ മുട്ടുകുത്തിയിരുന്നു. അവസാന ഓവറിന്റെ നാലാം പന്തില്‍ 80 റണ്‍സെടുത്ത് മുന്നേറിയിരുന്ന വാട്‌സന്റെ വിക്കറ്റും നഷ്ടമായി. 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബൂംറയുടെ പ്രകടനവും കൂടിയായതോടെ ചെന്നൈ സമ്മര്‍ദ്ദത്തിലായിരുന്നു. 

മുംബൈയുടെ ബാറ്റിങ്ങ് നിര നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സൂര്യകുമാര്‍ യാദവും പാണ്ഡ്യ സഹോദരന്‍മാരും മികച്ച പ്രകടനം മറന്നു. 25 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാഡ് മാത്രമാണ് മുംബൈ ബാറ്റ്‌സ്മാന്‍മാരില്‍ തിളങ്ങിയത്.