• 19 Aug 2019
  • 02: 45 PM
Latest News arrow

യുഎഇയില്‍ ശമ്പളം കിട്ടാതായാല്‍ എംബസിയെ അറിയിക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

അബൂദാബി: യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികളായ ഇന്ത്യക്കാര്‍ ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടായാല്‍ ഉടനടി അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. അബൂദാബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലോ ആണ് അറിയിക്കേണ്ടത്.

യുഎഇയില്‍ ശമ്പളം കിട്ടാതെ വരുന്ന നിരവധി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് എംബസിയുടെ മാര്‍ഗനിര്‍ദേശം. പലപ്പോഴും പരാതികള്‍ ലഭിക്കുന്നത് വളരെ വൈകിയാണ്. ശമ്പളം മുടങ്ങി ആറോ ഏഴോ മാസം കഴിഞ്ഞാണ് പരാതി ലഭിക്കുന്നതെങ്കില്‍ അവ പരിഹരിക്കാന്‍ വളരെ പ്രയാസമാണ് എന്ന് മനസ്സിലാക്കിയാണ് നേരത്തെതന്നെ ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചിരിക്കുന്നത്.

യുഎഇയിലേക്കുള്ള തൊഴില്‍ അന്വേഷകര്‍ എല്ലാ നടപടിക്രമങ്ങള്‍ പാലിച്ചും കൃത്യമായ തൊഴില്‍ അനുമതി ഉറപ്പുവരുത്തിയും മാത്രമേ പുറപ്പെടാവൂ എന്നും സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ എംബസി വ്യക്തമാക്കുന്നു. ടൂറിസ്റ്റ് വിസയിലെത്തി തൊഴിലന്വേഷിക്കുന്നതിനെയും എംബസി നിരുല്‍സാഹപ്പെടുത്തുന്നു. നിരവധി പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായതെന്ന് ഇരകളുടെ സാക്ഷ്യങ്ങള്‍ നിരത്തി അധികൃതര്‍ വ്യക്തമാക്കുന്നു. ഇമെയില്‍ വഴി ലഭിക്കുന്ന ജോബ് ഓഫറുകള്‍ വ്യക്തമായി അന്വേഷിക്കാതെ സ്വീകരിക്കരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു.