• 19 Aug 2019
  • 02: 50 PM
Latest News arrow

രണ്ട് മാസംകൊണ്ട് 3500 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റഴിച്ച് എസ്ബിഐ

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിറ്റഴിച്ചത് 3500 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. എസ്ബിഐയില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. 1365 കോടി രൂപയുടെ ബോണ്ടുകള്‍ ആണ് ഈ വര്‍ഷം മാര്‍ച്ചില്‍ വിറ്റഴിച്ചിരിക്കുന്നത് എന്ന് എസ്ബിഐ അറിയിച്ചു. 65 ശതമാനം ഏപ്രിലില്‍ ഇത് വര്‍ധിക്കുകയും ചെയ്തു .

ഈ മാസത്തില്‍ 2256 കോടി രൂപയാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. ഏപ്രിലില്‍ മുംബൈ ശാഖയാണ് 694 കോടി രൂപയുടെ ബോണ്ട് വിറ്റഴിച്ച് ഒന്നാമതെത്തിയത്. കൊല്‍ക്കത്ത ബ്രാഞ്ച് രണ്ടാമതെത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് ന്യൂഡല്‍ഹിയും എത്തി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കാനുള്ള ബോണ്ടുകളാണ് ഇലക്ട്രല്‍ ബോണ്ട്. 2017ലാണ് ഈ ബോണ്ടുകള്‍ നിലവില്‍ വന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയം അനുവദിക്കുന്ന നിശ്ചിത സമയത്തേക്കാണ് ബോണ്ടുകള്‍ നല്‍കാന്‍ സാധിക്കുക. നിക്ഷേപിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അംഗീകാരമുള്ള ബാങ്ക് അക്കൗണ്ടില്‍ മാത്രമേ ബോണ്ടുകള്‍ നല്‍കാന്‍ സാധിക്കൂ. 15 ദിവസമാണ് പുറപ്പെടുവിക്കുന്ന ബോണ്ടുകളുടെ കാലാവധി.