• 19 Aug 2019
  • 02: 39 PM
Latest News arrow

ചാമ്പ്യൻസ് ലീഗ് ഫൈനൽ: ലിവർപൂളിനെ ടോട്ടനം നേരിടും

ആംസ്റ്റർഡാം: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ ലിവർപൂളിനെ ടോട്ടനം നേരിടും. കൂടുതൽ എവേ ഗോളുകളുടെ പിൻബലത്തിലാണ് അയാക്സിനെ തോൽപ്പിച്ച് ടോട്ടനം ഫൈനൽ ഉറപ്പിച്ചത്. ഇതാദ്യമായാണ് ടോട്ടനം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഇംഗ്ലീഷ് ടീമുകളുടെ മത്സരമായി മാറി.

തോല്‍വി ഉറപ്പാക്കിയ ടോട്ടനം അവസാന സെക്കന്റില്‍ നേടിയ ഗോളിലൂടെയാണ് ഫൈനലിലെത്തുന്നത്. ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം, രണ്ടാപാദ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍  വഴങ്ങിയിരുന്നു. എന്നാൽ ശക്തമായി തിരിച്ചുവന്ന ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂക്കാസ് മൗറ ടോട്ടനത്തിനായി ഹാട്രിക് നേടി. 55, 59 മിനിറ്റുകളിൽ ആദ്യ രണ്ട് ഗോളുകൾ നേടിയ മൗറ അവസാന വിസിൽ മുഴങ്ങാൻ സെക്കന്റുകൾ മാത്രമുള്ളപ്പോഴാണ് മൂന്നാം ഗോൾ നേടി അയാക്‌സിന്റെ ആരാധകരെ ഞെട്ടിച്ചത്.

നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്‌സിന്‍റെ പടക്കുതിരകൾ ഫൈനലിലെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയായിരുന്നു ചാമ്പ്യൻസ് ലീഗ്. 

ഇനി ലിവർപൂളിനെയും തകർത്ത് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ടോട്ടനം. 

ജൂൺ 2 ന് മാഡ്രിഡിലെ വാണ്ട മെട്രോപൊളിറ്റാനോ സ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.