ഫെയ്സ്ബുക്കും വാട്സാപ്പും നിരോധിച്ച് ശ്രീലങ്ക

കൊളംബോ: സിംഹള വിഭാഗക്കാരും ന്യൂനപക്ഷ മുസ്ലീങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍. ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് രാജ്യത്ത് ഇരുവിഭാഗക്കാരും തമ്മില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.
തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് സമൂഹമാധ്യമങ്ങള്‍ വിലക്കിയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വിശദീകരിച്ചു. ഫേസ്ബുക്ക്, വാട്സ് ആപ്പ്, വൈബര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങൾ താത്കാലികമായി നിരോധിക്കുന്നുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം സംഘര്‍ഷങ്ങളെ തുടര്‍ന്ന് നെഗോമ്പോയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ നീക്കം ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെ രാവിലെ 7 മണിക്ക് കര്‍ഫ്യൂ നീക്കം ചെയ്തതായി പൊലീസ് അറിയിച്ചു.