'ചന്ദ്രയാന്‍ 2' വിക്ഷേപിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലായ 'ചന്ദ്രയാന്‍ 1'നു ശേഷം വീണ്ടും ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ച് ഗവേഷണം നടത്താന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഇതിനായി 2019 ജൂലൈയില്‍ 'ചന്ദ്രയാന്‍ 2' വിക്ഷേപിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. നേരത്തെ ഏപ്രില്‍ മാസത്തില്‍ ആയിരുന്നു വിക്ഷേപണം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് 'ചന്ദ്രയാന്‍ 2' ഇറങ്ങുക. ഇതുവരെ ഒരു രാജ്യവും ഈ ഭാഗത്തെ ഗവേഷണം നടത്തിയിട്ടില്ല. അതിനാല്‍ ഇവിടേക്കുള്ള ദൗത്യം ഇന്ത്യക്ക് ഈ ഉപരിതലത്തില്‍ സ്വന്തം നിലയില്‍ പേര് നല്കാന് അവസരം നല്‍കും.
മാര്‍ക് ത്രീ റോക്കറ്റാണ് ഈ പര്യവേക്ഷണത്തിനായി ഉപയോഗിക്കുന്നത്. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിപ്പിച്ച റോക്കറ്റാണിത്. 'ചന്ദ്രയാന്‍ 2' ദൗത്യത്തിന് ആകെ 800 കോടി രൂപയാണ് ചിലവ്. ഇതില്‍ 200 കോടി രൂപയും വിക്ഷേപണത്തിനുള്ളതാണ്. 600 കോടി രൂപ ഉപഗ്രഹത്തിനുള്ള ചിലവാണ്.
ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രന് ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം 'ചന്ദ്രയാന്‍ 1' ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് 'ചന്ദ്രയാന്‍ 2'-ല്‍ രാജ്യം ലക്ഷ്യമിടുന്നത്.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണു 'ചന്ദ്രയാന്‍ 2'. ഐ.എസ്.ആര്.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമായാണ് 'ചന്ദ്രയാന്‍ 2' നെ കാണുന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള 'വിക്രം' ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ വേര്‍പെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.
ഗവേഷണം വിജയമായാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയ നാലാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാകും. ഇസ്രായേലിന്റെ ശ്രമം ഈ മാസം ഏപ്രിലില്‍ പരാജയപ്പെട്ടിരുന്നു.