• 19 Aug 2019
  • 02: 57 PM
Latest News arrow

ഒ.എൻ.വി പുരസ്കാരം അക്കിത്തത്തിന്; മുട്ടത്തുവർക്കി പുരസ്ക്കാരം ബെന്യാമിന്; അഴീക്കോട് പുരസ്‌കാരം എസ്.രമേശൻ നായർക്കും സി.രാധാകൃഷ്‌ണനും

തിരുവനന്തപുരം: 'ഒ.എന്‍.വി. സാഹിത്യ പുരസ്‌കാര'ത്തിന് മഹാകവി അക്കിത്തം അർഹനായി. മൂന്നു ലക്ഷം രൂപയടങ്ങുന്നതാണ് പുരസ്ക്കാരം. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്ക്കാരം. ഒ.എന്‍.വി. യുവസാഹിത്യ പുരസ്‌കാരം അനഘ കോലത്തിനു നല്‍കും. അനഘയുടെ 'മെഴുകുതിരിക്കു സ്വന്തം തീപ്പെട്ടി' എന്ന കാവ്യസമാഹാരത്തിനാണ് 50,000 രൂപയുടെ പുരസ്‌കാരം. സി.രാധാകൃഷ്ണന്‍ അധ്യക്ഷനും എസ്.വി.വേണുഗോപന്‍ നായര്‍, പ്രഭാവര്‍മ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം നിര്‍ണയിച്ചത്. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി നല്‍കുന്ന പുരസ്‌കാരങ്ങള്‍ ഒ.എന്‍.വി.യുടെ ജന്മദിനമായ മേയ് 27-ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വെച്ച് സമ്മാനിക്കും.

സാഹിത്യത്തിനുള്ള 'മുട്ടത്തു വര്‍ക്കി പുരസ്‌കാര'ത്തിന്  ബെന്യാമിൻ അർഹനായി. 'ആടുജീവിതം' എന്ന നോവലിനാണ് അവാര്‍ഡ്.50,000 രൂപയാണ് അവാർഡ് തുക. 'ആടുജീവിതം' കേരള ചരിത്രത്തെ തിരുത്തിയെഴുതിയ പ്രവാസത്തിന്റെ അപരിചിത ഭൂമികയാണ് അനാവരണം ചെയ്തതെന്ന് അവാർഡ് സമിതി വിലയിരുത്തി. .മേയ് 28-ന് പന്തളത്ത് ചേരുന്ന സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിക്കും.

'ഡോ. സുകുമാര്‍ അഴീക്കോട്-തത്ത്വമസി സാംസ്‌കാരിക അക്കാദമി പുരസ്‌കാര'ത്തിന് സി. രാധാകൃഷ്ണനും എസ്. രമേശന്‍ നായരും അർഹരായി. സി. രാധാകൃഷ്ണന് സാഹിത്യത്തിലും എസ്. രമേശന്‍ നായര്‍ക്ക് കവിതയിലുമാണ് പുരസ്‌കാരം.10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. വി.വി. ജോസ് കല്ലട (കഥാപ്രസംഗം), ഡാര്‍വിന്‍ പിറവം (ജീവകാരുണ്യം), ഹാരിസ് നെന്മേനി (നോവല്‍), രവിവര്‍മ തമ്പുരാന്‍ (കഥ), ഇടക്കുളങ്ങര ഗോപന്‍ (കവിത), മുരളീധരന്‍ വലിയവീട്ടില്‍ (ഹാസ്യകവിതകള്‍). ടി.ജി. അജിത (കവിത), അമല്‍ സുഗ (കവിത) എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരായി. മേയ് 12-ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന 'തത്ത്വമസി സാഹിത്യോത്സവ' ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.