• 02 Mar 2021
  • 01: 45 AM
Latest News arrow

ചരിത്രത്തിലാദ്യമായി സ്ത്രീകളെ മിലിട്ടറി പോലീസിലേക്ക് ക്ഷണിച്ച് കരസേന

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വനിതകളെ മിലിട്ടറി പോലീസിലേക്ക് ക്ഷണിച്ച് കരസേന. ഇതു സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കരസേന ആരംഭിച്ചു. പത്രങ്ങളില്‍ പരസ്യവും നല്‍കി. മിലിട്ടറി പോലീസിലെ 20 ശതമാനം പോസ്റ്റുകളിലേക്കും വനിതകളെ നിയമിക്കാനാണ് നീക്കം. കേസന്വേഷണം മുതല്‍ സേനയെ ഫീല്‍ഡ് ഓപ്പറേഷനുകളില്‍ സഹായിക്കുന്നത് വരെയാണ് മിലിട്ടറി പോലീസിന്റെ ചുമതല. ജൂണ്‍ എട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിനം.

പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമനാണ് വനിതകളുടെ പ്രാതിനിധ്യം കരസേനയില്‍ കൂട്ടുന്നതിനുള്ള നടപടികളാരംഭിച്ചത്. വനിതകളെ യുദ്ധമുഖത്തുള്ള റോളുകളിലേക്ക് കൂടി നിയോഗിക്കുന്നതിനും കരസേന നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

നിലവില്‍ 3.8 ശതമാനമാണ് കരസേനയിലെ വനിതാ പ്രാതിനിധ്യം. വായുസേനയില്‍  3.09 ശതമാനവും നാവിക സേനയില്‍ ആറു ശതമാനവും വനിതാ പ്രാതിനിധ്യമുണ്ട്.