• 26 May 2019
  • 03: 52 PM
Latest News arrow

അന്ന് 'കടക്ക് പുറത്ത്'; ഇന്ന് 'മാറി നിൽക്കങ്ങോട്ട്'

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച്  പ്രതികരണം തേടിയ മാദ്ധ്യമപ്രവർത്തകരോട് 'മാറി നിൽക്കങ്ങോട്ടെ'ന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ രോഷപ്രകടനം. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തിൽ കയറി പോവുകയും ചെയ്തു. 

എറണാകുളം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരോടായിരുന്നു പിണറായിയുടെ രോഷപ്രകടനം. മാദ്ധ്യമപ്രവർത്തകർ ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ റെക്കോഡ് പോളിംഗ്‌ രേഖപ്പെടുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ ദേഷ്യത്തോടെ 'മാറി നിൽക്കങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

ഉയര്‍ന്ന പോളിംഗ്‌   തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വാദവുമായി മൂന്ന് മുന്നണികളിലെയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞത്. 

ഇതിന് മുൻപും മുഖ്യമന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചത് വാര്‍ത്തകളിൽ ഇടം പിടിച്ചിരുന്നു. സിപിഎം- ബിജെപി നേതാക്കള്‍ തമ്മിലുള്ള സമാധാന ചര്‍ച്ച റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമങ്ങളോട്   'കടക്ക് പുറത്ത്' എന്ന്  പറഞ്ഞത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.