• 22 Oct 2019
  • 03: 31 AM
Latest News arrow

കല്ലട മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു; കര്‍ശന നടപടികളുമായി വാഹന വകുപ്പ്

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. എറണാകുളം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകണം. എല്ലാ ബസുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ കല്ലടയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അതേസമയം, അന്തര്‍സംസ്ഥാന ബസ്സുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങി. 'ഓപ്പറേഷന്‍ നൈറ്റ് റൈഡ്'  എന്ന് പേരിട്ടിരിക്കുന്ന നടപടി ഗതാഗത വകുപ്പ് ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടി ഓഫീസിലും നിയമിക്കാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടു.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം മിന്നല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദ്ദേശം. ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസന്‍സ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം അവസാനിപ്പിക്കും. യാത്രക്കാരുടെ ലഗേജിനൊപ്പം കള്ളക്കടത്തും വ്യാപകമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അതും പരിശോധിക്കും. പൊലീസിന്റെ സഹായം പരിശോധനാ സമയത്ത് തേടും. 

അതിനിടെ, കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ഏഴുപേരാണ് ഇതുവരെ അറസ്റ്റിലായത്.  കല്ലടയുടെ ജീവനക്കാരായ കൊല്ലം സ്വദേശികളായ ഗിരിലാല്‍ വിഷ്ണു എന്നിവരാണ് ഒടുവില്‍ പിടിയിലായത്. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കല്ലട ഉടമ സുരേഷ് കല്ലടയോട് നേരിട്ട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതുണ്ടായിട്ടില്ല. ബസ് ഉടമ ഹാജരായില്ലെങ്കില്‍ നിയമനടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആലുവ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.