• 26 May 2019
  • 03: 51 PM
Latest News arrow

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം: കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ച

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരേയുള്ള ലൈംഗികാരോപണ പരാതിയില്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക്(വ്യാഴാഴ്ച) മാറ്റി. പരാതിക്കു പിന്നില്‍ ആരെന്നു കണ്ടെത്തണം. "ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിക്കാന്‍ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു" എന്ന ആരോപണം  ഉന്നയിച്ച അഭിഭാഷകന്‍ ഉത്സവ് സിങ് ബയന്‍സിനോട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

അതേസമയം പരാതിയില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു. മുന്‍വിധിയോടുള്ള അന്വേഷണം പാടില്ലെന്നും അവര്‍ വാദിച്ചു.

ഇന്ന് ഐബി, സിബിഐ ഡയറക്ടര്‍മാരെയും ഡല്‍ഹി പോലീസ് കമ്മീഷണറെയും  സുപ്രീംകോടതി വിളിച്ചുവരുത്തിയിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ലൈംഗിക പീഡനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. ഉത്സവ് സിങ് ബയന്‍സിന് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ പരാതി ഉന്നയിച്ച ജീവനക്കാരിക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. സീനിയറായ ജസ്റ്റിസ് എസ്എ ബോഡെ തലവനായ മൂന്നംഗ സമിതിയാണ് നോട്ടീസയച്ചത്. പരാതി അന്വേഷിക്കുന്ന സമിതിക്കുമുന്നില്‍ വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസ്.

സുപ്രീംകോടതി മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ എല്ലാ ജഡ്ജിമാര്‍ക്കും പരാതി അയച്ചത്. പരാതി അന്വേഷിക്കുന്ന മൂന്നംഗ സമിതിയില്‍ ജസ്റ്റിസ് എസ്എ ബോഡയ്‌ക്കൊപ്പം ജസ്റ്റിസുമാരായ എന്‍വി രമണ, ഇന്ദിര ബാനര്‍ജി എന്നിവര്‍ കൂടി ഉള്‍പ്പെടുന്നു.