• 19 Aug 2019
  • 03: 00 PM
Latest News arrow

''പുലര്‍ച്ചെയായാലും വോട്ട് ചെയ്യാതെ ഞങ്ങള്‍ മടങ്ങില്ല''; കേരളസ്ത്രീകളുടെ രാഷ്ട്രീയ ബോധത്തെ ഇനിയും പുച്ഛിക്കരുത്

സ്ത്രീകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലെ ചൊവ്വാഴ്ച പോളിങ് ബൂത്തുകള്‍ കാണേണ്ടതായിരുന്നു. ഇരുട്ട് വീണിട്ടും വോട്ട് ചെയ്യാന്‍ നില്‍ക്കുന്നവരുടെ നീണ്ടനിരയില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് ശേഷവും ബൂത്തുകള്‍ക്ക് മുന്നില്‍ സ്ത്രീവോട്ടര്‍മാര്‍ ഏറെ ആവേശത്തോടെയാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനായി കാത്തുനിന്നത്.

വൈകുന്നേരമായാല്‍ വാര്‍ത്ത കാണാതെ സീരിയലുകള്‍ക്ക് മുമ്പില്‍ അടയിരിക്കുന്നവരാണ് സ്ത്രീകളെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ കാണേണ്ട കാഴ്ച തന്നെയായിരുന്നു ഇത്. പൊന്നാനിയിലും കാസര്‍കോഡും ആലപ്പുഴയിലുമെല്ലാം സ്ത്രീകള്‍ തന്നെയാണ് വരി കയ്യേറിയത്. ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ 350 സ്ത്രീകള്‍ക്ക് സ്ലിപ്പ് നല്‍കിയിട്ട് രാത്രി പത്ത് മണിയോടെ എത്താന്‍ പറയുകയായിരുന്നു. പുലര്‍ച്ചെയായാലും തങ്ങള്‍ വോട്ട് ചെയ്തതിന് ശേഷമേ മടങ്ങു എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഈ സ്ത്രീകള്‍.

കൈക്കുഞ്ഞുമായെത്തിയ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ ഏല്‍പ്പിച്ച് വോട്ട് ചെയ്തതതും കേരളം കണ്ടു. പുരുഷന്‍മാരേക്കാള്‍ ആവേശത്തിലാണ് കേരളത്തിലെ സ്ത്രീകള്‍ വോട്ട് ചെയ്യാനെത്തിയത്. 

കഴിഞ്ഞ ജനുവരി 30 വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിലെ പുരുഷ വോട്ടര്‍മാരുടെ എണ്ണം 1,22,97,403 ആണ്. എന്നാല്‍ സ്ത്രീകളുടെ എണ്ണമാകട്ടെ 1,31,1189 ഉം. വീട്ടുജോലിയെല്ലാം ഒതുക്കി, കൈക്കുഞ്ഞുങ്ങളെയും കൊണ്ട് രാത്രി വൈകിയും പോളിങ് ബൂത്തിനുള്ളില്‍ വരി നില്‍ക്കുകയും പുലര്‍ച്ചെയായാലും വോട്ട് ചെയ്തിട്ടേ തിരിച്ചു പോകൂവെന്ന് പറയുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് പക്ഷേ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കടുത്ത അവഗണനയാണ്. 

ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലായി ആകെ 227 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയപ്പോള്‍ അതില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 23 മാത്രമാണ്. 33 ശതമാനം സംവരണത്തിന് വേണ്ടി വാദിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും സ്ത്രീ പ്രാതിനിധ്യം വരുന്നതിനെ ഭയക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി വനിതാ മതില്‍ തീര്‍ക്കുകയും നവോത്ഥാനം പ്രസംഗിക്കുകയും ചെയ്ത പാര്‍ട്ടിയും കാര്യത്തോടടുത്തപ്പോള്‍ സ്ത്രീകളെ കൈയ്യൊഴിഞ്ഞു. ബിജെപിയും യുഡിഎഫും എല്‍ഡിഎഫും രണ്ട് സ്ത്രീകളെ വീതമാണ് നിര്‍ത്തിയത്. 

രാഷ്ട്രീയത്തെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പുമറിയാത്ത പെണ്ണുങ്ങളെന്ന അധിക്ഷേപം കേള്‍ക്കുമ്പോഴും സ്വന്തം രാഷ്ട്രീയ അവകാശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് തങ്ങള്‍ എന്ന് വിളിച്ചുപറയുകയായിരുന്നു കേരളത്തിലെ സ്ത്രീകള്‍. അവസരം നിഷേധിക്കപ്പെട്ടതുകൊണ്ട് മാത്രമാണ് ഇവരെ തെരഞ്ഞെടുപ്പ് ഗോദയില്‍ കാണാന്‍ കഴിയാത്തത്. ''എന്ന് സ്ത്രീകള്‍ക്ക് തങ്ങളുടെ ഭാഗധേയം ദൈനംദിന ജീവിതത്തിലും പൊതുസേവന മേഖലയിലും രാഷ്ട്രീയ ജീവിതത്തിലും സ്വതന്ത്രമായി നിര്‍ണയിക്കാന്‍ കഴിയാതിരിക്കുന്നോ അതുവരെ പൂര്‍ണമായതും സുസ്ഥിരമായതുമായ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ പ്രയോജനമില്ലെന്ന'' ലെനിന്റെ പ്രസ്താവന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും മനസ്സില്‍ പതിപ്പിച്ചുറപ്പിക്കേണ്ടതാണ്.