• 19 Aug 2019
  • 02: 53 PM
Latest News arrow

ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍: ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു; മരണം 310

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍  എട്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. 
നേരത്തെ സ്‌ഫോടനം ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ തിരിച്ചടിയാണെന്ന്  പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് 15 ന് വെള്ളിയാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ അക്രമി വെടിവെപ്പ് നടത്തിയത്. ഈ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഞായറാഴ്ച രാജ്യത്ത് ഉണ്ടായതെന്ന് ഉപപ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ദനെയാണ്  വ്യക്തമാക്കിയത്. 

ഇതിനിടെ, ശ്രീലങ്കയിലെ സ്‌ഫോടനങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലര്‍കൂടി  മരിച്ചു. ഇതോടെ മരണസംഖ്യ 310 ആയി. ചൊവ്വാഴ്ച രാവിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി രാജ്യം മൂന്നു മിനിട്ട് മൗനപ്രാര്‍ഥന നടത്തി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍  ദേശീയ പതാക പാതി താഴ്ത്തി കെട്ടി.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കന്‍ പോലീസ് പറഞ്ഞു. ആഭ്യന്തര യുദ്ധത്തിന് ശേഷം ഏറ്റവും ആള്‍നാശമുണ്ടായ ആക്രമണമാണ് ശ്രീലങ്കയില്‍ ഉണ്ടായത്. പരിക്കേറ്റ അഞ്ഞൂറിലേറെപ്പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.