ടിക് ടോക് നിരോധനം: ഉടനെ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

ഡല്‍ഹി: ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേയില്‍ ഉടനെ തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചു.
കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും അശ്ലീലം പ്രദര്‍ശിപ്പിക്കുന്നുവെന്നും ആരോപിച്ച് നല്കിയ ഹര്‍ജിയിലാണ് ടിക് ടോക്കിന് മദ്രാസ് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെതുടര്‍ന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക് നീക്കം ചെയ്തിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ജസ്റ്റിസ് എന്‍. കൃപാകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തില്‍ ഇടപെട്ടത്. മധുര സ്വദേശിയും സാമൂഹികപ്രവര്‍ത്തകനുമായ അഡ്വ. മുത്തുകുമാര്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം.
എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെ മാതൃകമ്പനിയായ ബൈടെഡന്‍സ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുപ്രീംകോടതിയുടെ നടപടി.