നിരോധിച്ചെങ്കിലും 'ടിക് ടോക്' ഇന്ത്യാക്കാർക്ക് പ്രിയം; ഡൗണ്‍ലോഡിംഗ് 12 ഇരട്ടി വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: നിരോധന ശേഷവും 'ടിക് ടോകി'നെ കൈവെടിയാതെ ഇന്ത്യാക്കാർ. 'ടിക് ടോക്' ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം 12 ഇരട്ടി വര്‍ധിച്ചു. നിരോധനം നിലവില്‍ വന്നതോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും 'ടിക് ടോക്' നീക്കം ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇതിനുശേഷം മറ്റ് വെബ്സൈറ്റുകളില്‍ നിന്നാണ് 'ടിക് ടോക്' ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നുള്ളവരാണ്. 2018-ലെ 'ടിക് ടോകി'ന്റെ കണക്കനുസരിച്ച് ആകെയുള്ള 50 കോടി ഉപയോക്താക്കളില്‍ 39 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യയില്‍ പ്രതിമാസം 12 കോടി സജീവ ഉപയോക്താക്കളുണ്ടെന്നും 'ടിക് ടോക്' കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സമൂഹത്തില്‍ മൂല്യച്യുതി ഉണ്ടാക്കുന്നു എന്ന് 'ടിക് ടോകി'നെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നിട്ടും നിരോധിച്ച് നാലു ദിവസം പിന്നിടുമ്പോഴാണ് ചൈനീസ് ആപ്പിന്റെ ഡൗണ്‍ലോഡിംഗിൽ വന്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.