• 26 May 2019
  • 03: 50 PM
Latest News arrow

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ചലച്ചിത്രമാകുന്നു.

ലോകമെങ്ങുമുള്ള സാഹിത്യാസ്വാദകർ കേൾക്കാൻ കൊതിച്ച വാർത്തയെത്തി. നൊബേൽ പുരസ്‌കാര ജേതാവും കൊളംബിയൻ എഴുത്തുകാരനും പത്രപ്രവർത്തകനും ഇതിഹാസകാരനുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ മാസ്റ്റര്‍പീസായ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ചലച്ചിത്രമാകുന്നു.

മാർക്കേസ് ജീവിച്ചിരുന്നപ്പോൾ തന്റെ പ്രിയപ്പെട്ട നോവല്‍ സിനിമയാക്കാനുള്ള നിരവധി ഓഫറുകള്‍ ലഭിച്ചെങ്കിലും അവയെല്ലാം നിരസിക്കുകയായിരുന്നു. ഇതിഹാസ സമാനമായ നോവലിനെ ഒന്നോ രണ്ടോ സിനിമകളില്‍ ഒതുക്കാനാവില്ലെന്നായിരുന്നു മാർക്കേസിന്റെ ന്യായം. സിനിമ സ്പാനിഷ് ഭാഷയില്‍ത്തന്നെ വേണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചു. ഇങ്ങനെ മാര്‍ക്കേസിന്റെ കടുത്ത നിലപാടുകളുടെ  പേരില്‍ മാറ്റിവയ്ക്കപ്പെടുകയായിരുന്നു 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളു'ടെ ചലച്ചിത്രഭാഷ്യം. അദ്ദേഹത്തിന്റെ മരണശേഷമാണ് ഇതേക്കുറിച്ച് വീണ്ടും ചർച്ചചെയ്യാൻ തുടങ്ങിയത്. മാർക്കേസിന്റെ ആണ്‍മക്കള്‍ റോഡ്രറിഗോയും ഗോണ്‍സാലോയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായിക്കൊണ്ടാണ് ചലച്ചിത്രം ഒരുങ്ങുക.   നെറ്റ്ഫ്ളിക്സ് ആണ് ചലച്ചിത്രരൂപത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

കാസ്റ്റ് ആൻഡ് ക്രൂവിനെ തീരുമാനിച്ചിട്ടില്ലെങ്കിലും145 വയസ്സു കഴിഞ്ഞിട്ട് വയസ്സു കൂട്ടുന്നതുതന്നെ നിര്‍ത്തിയ പിലര്‍ ടെര്‍ണറ എന്ന മുതുമുത്തശ്ശിയെ ആര് അവതരിപ്പിക്കും, ആരാകും അറീലിയാനോ എന്നൊക്കെയുള്ള ആകാംക്ഷയിലാണ് നോവലിന്റെ ആരാധകർ. മനസ്സിൽ കണ്ട അറീലിയാനോയുടെ ഏകാന്തതയും റെമഡിയോസിന്റെ  സൗന്ദര്യവും അടിത്തട്ടു കാണാവുന്ന മട്ടില്‍ ഒഴുകുന്ന നദിയുടെ തീരത്തുള്ള പട്ടണമായ മക്കൊണ്ടയും മറ്റും തിരശ്ശീലയിൽ എങ്ങനെയുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷ.

52 വര്‍ഷം മുമ്പ് 1967-ലാണ് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' പ്രസിദ്ധീകരിച്ചത്. ബുക്ക്സ്റ്റാളുകൾക്ക് മുന്നില്‍ വരി നിന്ന് ലോകം അത് വാങ്ങി വായിച്ചു. അരനൂറ്റാണ്ടിനിടെ 50 ദശലക്ഷം കോപ്പികള്‍ വിറ്റഴിയുകയും 40-ല്‍ അധികം ഭാഷകളിലേക്ക് മൊഴിമാറ്റുകയും ചെയ്തു. ഇങ്ങനെ ലോകമെങ്ങുമുള്ള വായനക്കാർ ഏറ്റെടുത്ത ഈ നോവലിന്റെ ചലച്ചിത്രഭാഷ്യം ചമയ്ക്കുന്നവരുടെ മുന്നിലുള്ളത് കടുത്ത വെല്ലുവിളി തന്നെയാണ്.