• 25 Apr 2019
  • 12: 34 AM
Latest News arrow

ബാങ്ക് നിക്ഷേപം; ദേശീയ പാര്‍ട്ടികളില്‍ മുന്നില്‍ ബിഎസ്പി

ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടികളിലെ ബാങ്ക് നിക്ഷേപത്തില്‍ മായാവതിയുടെ ബിഎസ്പി ഒന്നാംസ്ഥാനത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തിലാണ് എട്ട് അക്കൗണ്ടുകളിലായി 669 കോടി രൂപ നിക്ഷേപമുണ്ടെന്ന് പാര്‍ട്ടി വെളിപ്പെടുത്തിയത്.
രണ്ടാം സ്ഥാനത്തുള്ള എസ്പി യുടെ ബാങ്ക് നിക്ഷേപം 471 കോടിയാണ്. കോണ്‍ഗ്രസ്സിന് 196 കോടിയും ബിജെപിയ്ക്ക് 82 കോടിയും സിപിഎമ്മിന് 3 കോടിയും ആണ് ബാങ്ക് നിക്ഷേപം. ഡല്‍ഹിയിലും പരിസരത്തും ഉള്ള എട്ട് ദേശാസാല്‍കൃത ബാങ്കുകളിലാണ് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ബാങ്കിംഗ് അക്കൗണ്ടുകള്‍. 2019 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് ദേശിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചിട്ടുള്ളത്. 669 കോടിയുടെ ബാങ്ക് നിക്ഷേപത്തിന് പുറമേ 95.54 ലക്ഷം രൂപ പണമായി ബിഎസ്പി സൂക്ഷിച്ചിരിയ്ക്കുന്നു. 
വരവുമായ് താരതമ്യം ചെയ്യുമ്‌ബോള്‍ താരതമ്യേന വളരെ കുറവാണ് ബിജെപി നിക്ഷേപം.

പാര്‍ട്ടികള്‍ക്ക് വരുന്ന പണത്തിന്റെ 87 ശതമാനവും സംഭാവനകളിലൂടെയാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ പണം സംഭാവനയായി ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ്. 1034 കോടി 2016-17ലും 1027 കോടി 2017-18ലും ബിജെപിക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഇതേസമയത്ത് ബിഎസ്പിയുടെ വരുമാനം 174 കോടി രൂപയില്‍ നിന്ന് 52 കോടിയായി കുറഞ്ഞു. കോണ്‍ഗ്രസ്സിന്റെ വരുമാനം 2016-17ല്‍ 225 കോടിയാണ്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളിലെ പണത്തിന്റെ കണക്ക് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടില്ല. അതേസമയം സിപിഎം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങളുടെ വരുമാനം 100 കോടി രൂപയാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.