• 16 Jul 2019
  • 06: 41 AM
Latest News arrow

രണ്ട് വര്‍ഷം മുമ്പത്തെ പരീക്ഷ വീണ്ടും നടത്താനൊരുങ്ങി കാലിക്കറ്റ് സര്‍വ്വകലാശാല; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: പരീക്ഷ നടത്തിപ്പില്‍ പറ്റിയ പിഴവ് നികത്താന്‍ രണ്ട് വര്‍ഷം മുമ്പ് നടത്തിയ പരീക്ഷ വീണ്ടും നടത്താനുള്ള കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍. മലബാര്‍ ക്രിസ്റ്റിയന്‍ കോളേജിലെ ബിഎസ്‌സി ഫിസിക്‌സ്, സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയുടെ അനാസ്ഥയില്‍ വലയുന്നത്. നേരത്തെ നടത്തിയ പരീക്ഷയുടെ ഫലം റദ്ദാക്കി വീണ്ടും പരീക്ഷ നടത്താനൊരുങ്ങുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

2017ലെ രണ്ടാം സെമസ്റ്റര്‍ ഹിന്ദി ഗ്രാമര്‍ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളില്‍ പത്ത് പേര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ഇന്‍വിജിലേറ്റര്‍ നല്‍കിയത്. വിഷയവും സിലബസും ഒന്നായിരുന്നതിനാല്‍ ചോദ്യപേപ്പര്‍ മാറിയത് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞില്ല. പരീക്ഷ കഴിഞ്ഞപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ മാറിയത് അറിയുന്നത്. പിന്നീട് സര്‍വ്വകലാശാല പത്ത് പേരില്‍ ഒമ്പത് പേരുടെയും ഫലം പ്രഖ്യാപിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ ഫലം പ്രഖ്യാപിച്ചില്ല. ഇതിനെതിരെ പരാതിപ്പെട്ടപ്പോഴാണ് പത്ത് പേരുടെയും ഫലം റദ്ദാക്കി വീണ്ടും പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചിരിക്കുന്ന കാര്യം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. 

ഈ പത്ത് വിദ്യാര്‍ത്ഥികളും ഇപ്പോള്‍ അവസാന വര്‍ഷ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഇതിനിടെ രണ്ട് വര്‍ഷം മുമ്പ് പഠിച്ച വിഷയം വീണ്ടും പഠിച്ച് എഴുതുന്നത് പ്രായോഗികമല്ലെന്ന് ഈ വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നു. ബുധനാഴ്ചയാണ് കോളേജിലെ പത്ത് വിദ്യാര്‍ത്ഥികള്‍ക്കായി പുന:പരീക്ഷ നടത്തുന്നത്.