• 16 Jul 2019
  • 06: 40 AM
Latest News arrow

രാഹുല്‍ ഇന്ന് രാത്രി കേരളത്തില്‍; നാളെയും മറ്റന്നാളും മാരത്തണ്‍ പ്രചാരണം

കെഎം മാണിയുടെ വീട് സന്ദര്‍ശിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ഇന്ന് രാത്രി കേരളത്തിലെത്തും. വൈകിട്ട് 10 മണിയോടെ തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ കോവളം ഉദയ സമുദ്ര ഹോട്ടലില്‍ താമസിക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും, 11.30ന് പത്തനം തിട്ടയിലും വൈകിട്ട് 4 മണിയ്ക്ക് ആലപ്പുഴയിലും പ്രസംഗിക്കും. പത്തനംതിട്ടയില്‍ നിന്ന് ഹെലികോപ്റ്ററില്‍ പാലാ സെയ്ന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെത്തും. തുടര്‍ന്ന് കെഎം മാണിയുടെ വീട് സന്ദര്‍ശിക്കും. ഇവിടെ നിന്ന് ആലപ്പുഴയിലേക്ക്. 6 മണിയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുക്കും. ശേഷം രാത്രിയില്‍ രാഹുല്‍ ഗാന്ധി കണ്ണൂരിലേക്ക് പുറപ്പെടും. 

അവിടെ ബുധനാഴ്ച രാവിലെ 7.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ വെച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചാണ് പ്രധാനമായും നേതൃയോഗം ചര്‍ച്ച ചെയ്യുക. തുടര്‍ന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചാരണത്തിനെത്തും. ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട് തിരുനെല്ലിയിലേക്കാണ് രാഹുല്‍ ഗാന്ധി പോവുക.

രാവിലെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകിട്ട് വണ്ടൂരും തൃത്താലയിലുമാണ് പൊതുപരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.