• 22 Oct 2019
  • 03: 27 AM
Latest News arrow

ദുരൂഹത കട്ടപിടിച്ച അതിരന്‍

അതിരന്‍ എന്ന സിനിമ വല്ലാത്തൊരു അനുഭവമാണ്. പല വികാരങ്ങളാല്‍ തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ഒരു പ്രത്യേക മൂഡിലേക്ക് മാറ്റിയെടുത്തതിന് ശേഷമാണ് സിനിമ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോവുക. അതിശയിപ്പിക്കുന്ന ഫ്രെയിമുകള്‍ കൊണ്ട് പ്രേക്ഷക മനസ്സിലേക്ക് ദുരൂഹത കുത്തിവെയ്ക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി. തുടര്‍ന്ന് ടൈറ്റില്‍ സോങ്ങിന്റെ ചങ്കിടിപ്പിക്കുന്ന താളത്തില്‍ ഘോരവനത്തിന് നടുവിലുള്ള പഴയ ബംഗ്ലാവിലേക്ക്. മനസ്സിന്റെ താളം തെറ്റിയവരുടെ ഇടയിലേക്ക് ഉള്ളിടിപ്പോടെ കടന്നുചെല്ലാം. ഭയഭീതമായ അന്തരീക്ഷത്തിലൂടെ വല്ലാത്ത പിരിമുറക്കത്തില്‍ രണ്ട് മണിക്കൂര്‍ കഴിച്ചുകൂട്ടാം. അതിരന്‍ എന്ന സിനിമ സമ്മാനിക്കുന്നത് വേറിട്ടൊരു സിനിമാ അനുഭവമാണ്. 

1967-71 കാലഘട്ടങ്ങളില്‍ നടക്കുന്ന കഥയാണ് അതിരന്‍ പറയുന്നത്. 1967 എന്ന് കാണിക്കാന്‍ ഉപയോഗിച്ച രീതി ഗംഭീരം. തുടര്‍ന്ന് കെട്ടഴിക്കേണ്ട ചില രംഗങ്ങള്‍. അതിന് ശേഷം 1971ലേക്ക്. ഒരു കൊടുംകാടിന്റെയും അതിന് നടുവിലൂടെ വളഞ്ഞൊഴുകുന്ന നദിയുടെയും ആകാശദൃശ്യം മനോഹരം. തുടര്‍ന്ന് താഴേക്കിറങ്ങി കാടിന് നടുവിലൂടെയുള്ള യാത്ര. ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ച, ഇപ്പോള്‍ മാനസിക രോഗികളെ താമസിപ്പിക്കുന്ന ഒരു ബംഗ്ലാവിലേക്കാണ് ഈ യാത്ര. ഈ ബംഗ്ലാവില്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡോ. കണ്ണന്‍ നായര്‍ (ഫഹദ് ഫാസില്‍) ഔദ്യോഗിക പരിശോദനയ്ക്കായി ഇവിടേയ്ക്ക് വരികയാണ്. ഇടയ്ക്ക് വഴി കാട്ടിയയാള്‍ തനിച്ചാക്കി പോകുമ്പോള്‍ വഴിയറിയാതെ കാട്ടിലൂടെ അലയുന്ന കണ്ണന്‍ നായരെയും ഒപ്പം ബംഗ്ലാവിലെ അന്തേവാസികളെയും അവതരിപ്പിച്ചുകൊണ്ടാണ് ടൈറ്റില്‍ എഴുതിക്കാണിക്കുന്നത്. ചങ്കിടിപ്പിക്കുന്ന പാട്ടും അതിശയിപ്പിക്കുന്ന ഫ്രെയിമുകളും ചേര്‍ന്ന് ഹോളിവുഡ് ചിത്രങ്ങളുടെ ഗാംഭീര്യം ഈ ഭാഗം കവര്‍ന്നെടുക്കുന്നു. 

കണ്ണന്‍ നായരുടെ കണ്ണിലൂടെയാണ് പ്രേക്ഷകര്‍ സിനിമ കാണുന്നത്. അയാള്‍ക്ക് ബംഗ്ലാവിലുണ്ടാകുന്ന വിചിത്രാനുഭവങ്ങള്‍ അയാളെപ്പോലെ തന്നെ പ്രേക്ഷരിലും ഭീതി ഉളവാക്കുന്നു. അഞ്ച് രോഗികള്‍, ഒരു ഡോക്ടര്‍, ഒരു കെയര്‍ടേക്കര്‍, ഒരു ഗാര്‍ഡ്, ഒരു അറ്റന്‍ഡര്‍, ഒരു കുശിനിക്കാരന്‍ എന്നിവരാണ് ബംഗ്ലാവിലെ ഔദ്യോഗിക അംഗങ്ങള്‍. എന്നാല്‍ കണ്ണന്‍ നായര്‍ അവരെക്കൂടാതെ ചിലയാളുകളുടെ ശബ്ദം കേള്‍ക്കുന്നു, ചില ആളുകളെ കാണുന്നു. ആ നിഗൂഢതകളുടെ കെട്ടഴിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് ചിത്രത്തിന്റെ അവസാനം വരെയും.

എത്ര പുകഴ്ത്തിയാലും മതിവരാത്തത്ര ഗംഭീരമായ ഫ്രെയിമുകളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും കഥാപാത്രങ്ങളുടെ സൂക്ഷ്മ ഭാവങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന അന്തരീക്ഷം ഉള്‍ക്കിടിലം ഉളവാക്കുന്നക്കുന്നതാണ്‌. ഇതിനിടയില്‍ വാല്‍സല്യവും പ്രണയവും ഇഴചേര്‍ത്തിരിക്കുന്നു. കുടുംബ പശ്ചാത്തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി മനസ്സിന്റെ വിഭ്രാത്മകതയെ ശാന്തമാക്കുന്നു. പ്രണയ മഴ പെയ്യിച്ച് കുളിര്‍പ്പിക്കുന്നു. കളരിയിലെ മുറകള്‍ കാണിച്ച് ഊര്‍ജം നല്‍കുന്നു. 

ബംഗ്ലാവിലെ അന്തേവാസികളെ രോഗികളായി മാറ്റിനിര്‍ത്തുന്നില്ല. അവരും സിനിമയുടെ കഥയില്‍ ഇടപെടുന്നവരാണ്. കഥാഗതി തീരുമാനിക്കുന്നതില്‍ പങ്കുവഹിക്കുന്നവരുമാണ്. മനസ്സിന്റെ താളം തെറ്റിയ അവരുടെ പെരുമാറ്റമാണ് ചിത്രത്തെ കൂടുതല്‍ ദുരൂഹമാക്കുന്നത്. 

ഫഹദ് ഫാസില്‍ ഇതിന് മുമ്പ് അഭിനയിച്ച മൂന്ന് സിനിമകളില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ തമ്മില്‍ ചില സാമ്യങ്ങളുണ്ടായിരുന്നതിനാല്‍ ഈ സിനിമയുടെ തുടക്കത്തിലെ ചില രംഗങ്ങള്‍ കാണുമ്പോഴേ അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിക്കുന്നുണ്ട്. ഈ സിനിമയില്‍ ഇത് ക്ലൈമാക്‌സില്‍ മാത്രം വെളിപ്പെടേണ്ടതായിരുന്നു. അങ്ങിനെ സംഭവിച്ചെങ്കില്‍ തന്നെ അത് ഈ സിനിമയുടെ പോരായ്മയല്ല. മറിച്ച് ഫഹദ് ഫാസില്‍ എന്ന നടന്‍ ടൈപ്പ് വേഷങ്ങളിലേക്ക് ഒതുക്കപ്പെടാന്‍ തുടങ്ങുന്നതുകൊണ്ടാണ്. 

സായ് പല്ലവിയുടെ അഭിനയമികവും മെയ്‌വഴക്കവും ചിത്രത്തില്‍ ശരിക്കും ഉപയോഗിച്ചിട്ടുണ്ട്. സായ് പല്ലവിയുടെ നിത്യ എന്ന കഥാപാത്രം കടന്നുപോകുന്ന പ്രത്യേക അവസ്ഥയെ കൈകാലുകളും ചുണ്ടുകളും കണ്ണുകളും ഉപയോഗിച്ച് ഗംഭീരമായി അവതരിപ്പിച്ചു. ശരീരത്തിലൂടെ സംസാരിക്കുകയും വികാരങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന നിത്യ, സായ് പല്ലവിയുടെ കൈകകളില്‍ ഭദ്രമായിരുന്നു. അവരുടെ കളരിപ്പയറ്റും ഫൈറ്റും ത്രില്ലടിപ്പിച്ചു. രഞ്ജി പണിക്കറും കളരി അഭ്യാസം കൊണ്ടും പിതൃവാത്സല്യം കൊണ്ടും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്.

അതുല്‍ കുല്‍ക്കര്‍ണി അവതരിപ്പിക്കുന്ന  ബെഞ്ചമിന്‍ ഡയസ് എന്ന ഡോക്ടറുടെ ഭാവഭേദങ്ങളും നിഗൂഢത നിറഞ്ഞ രീതികളും ക്ലൈമാക്‌സിലെ പകര്‍ന്നാട്ടവും ഗംഭീരം. ക്ലൈമാക്‌സിലെ സംഘട്ടനവും എടുത്ത് പറയേണ്ടതാണ്. ലെന, സുരഭി ലക്ഷ്മി, സുദേവ് നായര്‍, വിജയ് മേനോന്‍, ജയപ്രകാശ് കുലൂര്‍, ലിയോണ ലിഷോയ്, നന്ദു തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു. അതേസമയം ശവപ്പെട്ടിയുമായി ബന്ധപ്പെട്ട രംഗങ്ങള്‍ക്ക് വ്യക്തത വന്നില്ല. സുരഭി ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ അവസ്ഥയ്ക്ക് വേണ്ടത്ര വിശീദകരണവും ലഭിച്ചില്ല. 

ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ കഥാപശ്ചാത്തലത്തോട് ഇണങ്ങിനില്‍ക്കുന്നവയായിരുന്നു. കലാസംവിധാനം അതിന് മാറ്റുകൂട്ടി. വസ്ത്രാലങ്കാരവും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. 

നവാഗതനായ വിവേകിന്റെ ആദ്യ സംവിധാന സംരഭമാണ് അതിരന്‍. വിവേകിന്റെ തന്നെ കഥ തിരക്കഥയാക്കിയിരിക്കുന്നത് കുട്ടിസ്രാങ്ക്, ഇമയൗ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ പിഎഫ് മാത്യൂസാണ്. ആദ്യ സിനിമ മികച്ച രീതിയില്‍ ചിത്രീകരിച്ച വിവേകിന് കയ്യടിക്കാം. വിഷ്വലുകള്‍കൊണ്ട് ഭ്രമിപ്പിച്ച ഛായാഗ്രാഹകന്‍ അനു മൂത്തേടത്തിനും പ്രേക്ഷകരുടെ ഹൃദയമിടിപ്പിനെ തന്റെ പശ്ചാത്തല സംഗീതം കൊണ്ട് നിയന്ത്രിച്ച തമിഴ് സംഗീക സംവിധായകന്‍ ജിബ്രാനും നന്ദി. 

മുമ്പ് ഹൊറര്‍ സിനിമകളായിരുന്നു പ്രേക്ഷകരെ ഭയപ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ സൈക്കോ ത്രില്ലറുകളാണ് ആ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഹോളിവുഡ് സൈക്കോ ത്രില്ലറുകളുടെ മാതൃകയില്‍ ദുരൂഹതയും ഉദ്വേഗവും ഭീതിയും ആവോളം നിറച്ച് ഒരുക്കിയ ഒരു മികച്ച സൈക്കോ ത്രില്ലര്‍ തന്നെയാണ് അതിരന്‍.