• 25 Apr 2019
  • 12: 26 AM
Latest News arrow

മികച്ച ട്രോളിന് മികച്ച സമ്മാനം: 'ട്രോള്‍ മീ ചലഞ്ചു'മായി കണ്ണന്താനം

എന്തിനും ഏതിനും ട്രോളിനിരയാകുന്ന രാഷ്ട്രീയ നേതാവാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.  കണ്ണന്താനം എന്തു ചെയ്താലും എന്തു പറഞ്ഞാലും അന്ന് ട്രോളന്മാര്‍ക്ക് ചാകരയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണിപ്പോള്‍ കണ്ണന്താനം. ഇപ്പോഴിതാ ട്രോളന്മാര്‍ക്ക്, ട്രോള്‍ മീ ചലഞ്ചുമായി കണ്ണന്താനം തന്നെ നേരിട്ടെത്തിയിരിക്കയാണ്. നേരത്തെ തനിക്കെതിരായ ട്രോളുകളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെങ്കില്‍, ഇപ്പോള്‍ ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ് എന്ന അപേക്ഷയുമായി ട്രോളന്മാരുടെ മുന്നിലെത്തിയിരിക്കയാണ് അദ്ദേഹം.
കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി അത് കമന്റ് ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചലഞ്ച് പങ്കുവെച്ചിരിക്കുന്നത്. തന്നെയും കഥാപാത്രമാക്കുന്നതില്‍ വിരോധമില്ലെന്നും എല്ലാം കൊച്ചിക്ക് വേണ്ടിയല്ലേയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.
നല്ല ട്രോളുകള്‍ക്കും ട്രോളന്മാര്‍ക്കും ഒരു വാഗ്ദാനം കൂടി മുന്‍പോട്ട് വെച്ചിട്ടുണ്ട്. നല്ല ട്രോളന് കണ്ണന്താനത്തിന്റെ ഒപ്പം നിന്ന് സെല്‍ഫി എടുക്കാം, ആ ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയും ചെയ്യാമെന്ന് പറയുന്നുണ്ട്. മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ നല്‍കാന്‍ നിലവില്‍ സാധ്യമല്ലെന്നും എടുത്ത് പറയുന്നുണ്ട്.