• 22 Oct 2019
  • 03: 30 AM
Latest News arrow

ഫാന്‍സിനെ ഉല്ലസിപ്പിച്ച് മധുരരാജ

മമ്മൂട്ടിയുടെ അഭിനയ പാടവത്തേക്കാള്‍ അദ്ദേഹത്തിന്റെ മെഗാ സ്റ്റാര്‍ പദവിയെ, താരരാജാവെന്ന പട്ടത്തെ ചൂഷണം ചെയ്യുന്ന സിനിമയാണ് മധുരരാജ. ഫാന്‍സിന് ആര്‍പ്പുവിളിക്കാനും തുള്ളിക്കളിക്കാനുമുള്ള ചേരുവകളെല്ലാം നിറച്ച് അവരെ ഉല്ലസിപ്പിക്കാനുള്ള സിനിമ. അതുകൊണ്ട് തന്നെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മധുരരാജയായെത്തുന്ന പോക്കിരരാജ അന്വേഷിക്കുന്നതും തന്റെ ആരാധകരെ മാത്രമാണ്. 

സിനിമയുടെ തുടക്കം മുതല്‍ മധുരരാജ വരുന്നതുവരെയുള്ള രംഗങ്ങള്‍ കാണുമ്പോള്‍ 'ഇത് ആരുടെ അമ്മയ്ക്ക് വായുഗുളിക മേടിക്കാനുള്ള ഓട്ടമാണെന്ന്' തോന്നിപ്പോകും. മധുരരാജയെ കാണാനുള്ള ധൃതി ഓരോ രംഗങ്ങള്‍ക്കുമുണ്ടെന്ന് തോന്നും. ഒരു രംഗം ആസ്വദിക്കാന്‍ തുടങ്ങുന്നതിന് മുമ്പേ അടുത്ത രംഗം വന്നു കഴിഞ്ഞു. ഒരു വിഐപി അപ്രതീക്ഷിതമായി, അഞ്ച് മിനിറ്റിനുള്ളില്‍ വീട്ടിലേക്ക് എത്തുമെന്ന് കേള്‍ക്കുമ്പോള്‍ ആ വീട്ടുകാര്‍ക്കുണ്ടാകുന്ന വെപ്രാളത്തിന് സമമായിരുന്നു ഓരോ സീനും. മധുരരാജയ്ക്ക് രംഗപ്രവേശനം ചെയ്യണമെങ്കില്‍ അതിന് തക്കതായ ഒരു സാഹചര്യം വേണം. അത്തരം ഒരു സാഹചര്യത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ബാധ്യത ഒരു വശത്ത്, മധുരരാജയെ കാണാതെ ഫാന്‍സുകാര്‍ അക്ഷമരാകരുതെന്ന ആവശ്യം മറുവശത്ത്. രണ്ടിനെയും ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പാളി. അത്ര മാത്രം.

വ്യാജമദ്യദുരന്തത്തിന്റെ പശ്ചാത്തലമാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. പാമ്പിന്‍ തുരുത്ത് എന്ന അവികസിത പ്രദേശം. അവിടെ മദ്യവും വ്യാജ മദ്യവുമൊക്ക വിളമ്പുന്ന നടേശന്‍ മുതലാളി (ജഗപതി ബാബു)യാണ് രാജാവ്. പാമ്പിന്‍ തുരുത്തിന്റെ കാട്ടുമുക്കില്‍ വ്യാജചാരായം നിര്‍മ്മിക്കുന്നവനായി കടന്നുവന്ന് പിന്നീട് ആ പ്രദേശത്തെ അടക്കിവാഴുന്ന ജനസമ്മതനായ മുതലാളിയായി വിആര്‍ നടേശന്‍ എങ്ങിനെ മാറിയെന്നതിന്റെ ചില കാഴ്ചകളും അയാളുടെ ചെയ്തികള്‍ മൂലം കഷ്ടത അനുഭവിക്കുന്ന ഒരു കൂട്ടം ആളുകളും അയാളുണ്ടാക്കിയ ഒരു പ്രശ്‌നത്തെക്കുറിച്ച് പഠിക്കാനെത്തുന്ന മധുരാജയുടെ അച്ഛനും മാമനും പിന്നെ അവരെ സംരക്ഷിക്കാനെത്തുന്ന, രാജ അനുജനെപ്പോലെ കരുതുന്ന ചിന്നരാജയും ഒക്കെ നിറഞ്ഞതാണ് സിനിമയുടെ ആദ്യ അര മണിക്കൂര്‍. 

ഈ അരമണിക്കൂര്‍ ശരിക്കും ക്ഷമ നശിപ്പിച്ചു. കൃഷ്ണന്‍ മാമന്‍ (വിജയ രാഘവന്‍) പഴയ കാമുകിയെ കണ്ടുമുട്ടുന്നതും ഒന്നിപ്പിക്കുന്നതുമെല്ലാം 'ശടപടേ ശടപടേന്നായിരുന്നു'. നേരത്തെ പറഞ്ഞ ഓട്ടമത്സരത്തില്‍ ഈ സംഭവത്തിന് ഒന്നാം സ്ഥാനം കൊടുക്കാം. മാമന്‍ കാമുകിയെ കാണുന്നു, കാമുകി തലകറങ്ങി വീഴുന്നു, രാജയുടെ അച്ഛന്‍ മാധവന്‍ നായര്‍ (നെടുമുടി വേണു) കാര്യം അന്വേഷിക്കുന്നു, നോവലിസ്റ്റ് മനോഹരന്‍ മംഗളോദയം (സലീംകുമാര്‍) കാമുകിയുടെ വീട്ടില്‍ മാലചാര്‍ത്തിയിരിക്കുന്ന മാമന്റെ ഫോട്ടോയുണ്ടെന്ന് പറയുന്നു, കാമുകിയുടെ മകള്‍ ഫോട്ടോയില്‍ നിന്ന് മാല എടുത്തു മാറ്റുന്നു, മാമന്‍ കാമുകിയുടെ വീട്ടില്‍ സാമ്പാര്‍ ഇളക്കുന്നു. എല്ലാം ഒന്ന് രണ്ട് മിനിറ്റില്‍ കഴിഞ്ഞു. ഓട്ടമത്സരത്തില്‍ രണ്ടാം സ്ഥാനം ചിന്നരാജയുടെ വരവും പ്രണയവും കരസ്ഥമാക്കി. ഒരു മാതിരി രണ്ടാംകിട തെലുങ്ക് സിനിമയിലെ ലവ് സ്റ്റോറിയ്ക്ക് തുല്യം. ഇതെല്ലാം കഴിഞ്ഞ് മധുരരാജയുടെ ഒരു വരവുണ്ട്. അമ്പതോളം വരുന്ന സ്പീഡ് ബോട്ടുകളില്‍ കായല്‍പ്പരപ്പിലൂടെയും ശേഷം ചരക്ക് സൈക്കിളില്‍ കരയിലൂടെയും. ഒള്ളത് പറഞ്ഞാല്‍ ഇത്രയും ആയപ്പോഴേയ്ക്കം തല പെരുത്തുപോയി. മലയാളികളെ ഇത്ര അധ:പതിച്ചവരായിട്ടാണോ സംവിധായകന്‍ വൈശാഖേ... താങ്കള്‍ കണ്ടിരിക്കുന്നത്?  മാസ് മസാല എന്ന് പറഞ്ഞാല്‍ വിവേകമില്ലായ്മ എന്നാണോ അര്‍ത്ഥം? 

മധുരരാജ വരുന്നതുവരെയുള്ള ഈ രംഗങ്ങളില്‍ രക്ഷകവേഷത്തിലാണ് മനോഹരന്‍ മംഗളോദയം (സലീംകുമാര്‍). കൈവിട്ട രംഗങ്ങളെയെല്ലാം കോര്‍ത്തിണക്കുന്ന ജോലിയാണ് ഇദ്ദേഹത്തിന്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ പോലും ഇദ്ദേഹം ശ്രമിച്ചു, നന്ദി. മധുരരാജ വന്നതിന് ശേഷം കുറച്ച് ആശ്വാസം തോന്നി. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പറച്ചിലും, ഒപ്പിക്കുന്ന തമാശകളും, അനുശ്രീയുടെ വാസന്തിയെന്ന കഥാപാത്രം അദ്ദേഹത്തെ തള്ളുവണ്ടിയെന്ന് വിശേഷിപ്പിക്കുന്നതും മധുരരാജ ചെയ്യുന്നതെല്ലാം അബദ്ധമാണെന്ന മനോഹരന്‍ മംഗളോദയത്തിന്റെ പരാമര്‍ശവുമെല്ലാം മധുരരാജയെ ഊതിവീര്‍പ്പിക്കുക എന്ന ക്രൂരതയില്‍ നിന്ന് രക്ഷിച്ചെടുത്തിട്ടുണ്ട്. മധുരരാജയുടെ സംസാരം തന്നെയാണ് ഈ സിനിമയുടെ പ്രാണവായു. കുറഞ്ഞ ഇടങ്ങളില്‍ മാത്രമാണ് മാസ് ഡയലോഗുകള്‍ പറയുന്നത്. ഭൂരിഭാഗവും തമാശ നിറഞ്ഞ സംഭാഷണങ്ങളാണ്. അത് ഒരു ആശ്വാസം തന്നെയാണ്.

അദ്ദേഹത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമായിരുന്നു. പീറ്റര്‍ ഹെയിനിന്റെയും മമ്മൂട്ടിയുടെയും കഴിവുകള്‍ സമം ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ കോരിത്തരിച്ചു. ചിലയിടങ്ങളില്‍ മമ്മൂട്ടിയിലെ നടന വൈഭവത്തെയും കാണാന്‍ സാധിച്ചു. വാസന്തിയോട് (അനുശ്രീ) വൈകാരികമായി നടത്തുന്ന സംഭാഷണത്തിലും ക്ലൈമാക്‌സിലെ ചില രംഗങ്ങളിലുമാണ് വെറും പ്രകടനത്തിനപ്പുറമുള്ള മമ്മൂട്ടിയെ കാണാന്‍ സാധിച്ചത്. 

നടേശന്‍ മുതലാളിയുടെ കൊലപാതക രീതിയും ഉള്ള് കത്തിക്കുന്നതായിരുന്നു. സിനിമയുടെ ആദ്യ ഭാഗത്തും ക്ലൈമാക്‌സിലുമായുള്ള ഈ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടിന്റെ ആദ്യ സംരഭമായ പുലിമുരുകനെ മാസാക്കിയത് പുലിയുമൊത്തുള്ള മുരുകന്റെ സംഘടനമാണെങ്കില്‍ മധുരരാജയെ മാസാക്കുക ഈ രംഗങ്ങള്‍ തന്നെയാകും. 

ജയ്, അനുശ്രീ, അജു വര്‍ഗീസ്, ഷംന കാസിം, മഹിമ നമ്പ്യാര്‍, അന്ന രേഷ്മ രാജന്‍, നരേന്‍, സിദ്ധിഖ്, രമേഷ് പിഷാരട്, കലാഭവന്‍ ഷാജോണ്‍, ബിജുകുട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട്, സണ്ണി ലിയോണ്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. അനുശ്രീയുടെ വാസന്തിയെന്ന കഥാപാത്രം ശകലം ഓവറായിട്ടുണ്ട്. എപ്പോഴും ഹാലിളകിയ അവസ്ഥയിലാണ് അവര്‍. 

ഓര്‍ത്തിരിക്കാന്‍ പാകത്തിലുള്ള പാട്ടുകളൊന്നും തന്നെ ചിത്രത്തിലില്ല. ഐറ്റം ഡാന്‍സിന് സണ്ണി ലിയോണിന് പകരം മറ്റാരെങ്കിലും ആയിരുന്നാലും വ്യത്യാസമൊന്നുമുണ്ടാകുമായിരുന്നില്ല. സാങ്കേതിക മേഖലയിലും മികച്ചതെന്ന് എടുത്ത് പറയാന്‍ ഒന്നും കണ്ടില്ല. എല്ലാം ശരാശരിയില്‍ തട്ടിനിന്നു. 

മമ്മൂട്ടിയുടെ താരപരിവേഷത്തെ ആരാധിക്കുന്ന പ്രേക്ഷകരെ ആവോളം ഉല്ലസിപ്പിക്കുകയും അതേസമയം അദ്ദേഹത്തിലെ നടന വൈഭവത്തെ ആരാധിക്കുന്നവര്‍ക്ക് അതൃപ്തി നല്‍കുന്നതുമായ സിനിമയാണ് മധുരരാജ. അതിനാല്‍ ഇതില്‍ ഏത് വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് സ്വയം വിലയിരുത്തി ചിത്രത്തിന് ടിക്കറ്റെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്നതാണ്. 

 

 

 

 

്‌