• 16 Jul 2019
  • 06: 39 AM
Latest News arrow

ജെറ്റ് എയര്‍വേയ്‌സിന് വിദേശ സര്‍വീസുകള്‍ക്കുള്ള അനുമതി നഷ്ടമായേക്കും

ന്യൂഡല്‍ഹി: കടക്കെണിയില്‍ കുടുങ്ങിയ ജെറ്റ് എയര്‍വേയ്‌സിന് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനുള്ള അനുമതി നഷ്ടമായേക്കും. നിലവില്‍ ജെറ്റ് എയര്‍വേയ്‌സ് വ്യാഴം, വെള്ളി ദിവസങ്ങളിലെ വിദേശ സര്‍വീസുകള്‍ റദ്ദു ചെയ്തു. ആംസ്റ്റര്‍ഡാം, പാരിസ്, ലണ്ടന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് രണ്ട് ദിവസത്തേക്ക് റദ്ദ് ചെയ്തത്. വെള്ളിയാഴ്ചത്തെ മുംബൈ-കൊല്‍ക്കത്ത, കൊല്‍ക്കത്ത-ഗുവാഹത്തി സര്‍വീസുകളും ഡെഹ്‌റാഡൂണ്‍-കൊല്‍ക്കത്ത-ഗുവാഹത്തി സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് റദ്ദാക്കിയിട്ടുണ്ട്.

നിയമപ്രകാരം അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ ചുരുങ്ങിയത് 20 വിമാനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ജെറ്റ് എയര്‍വേയ്‌സിന് നിലവില്‍ 14 വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്താനുള്ളൂ. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനുള്ള യോഗ്യത അവര്‍ക്കുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള പറഞ്ഞു.

അടുത്ത ദിവസം വരെ ജെറ്റ് എയര്‍വെയ്‌സിന്റെ 26 വിമാനങ്ങള്‍ പാരീസ്, ലണ്ടന്‍, ആംസ്റ്റര്‍ഡാം, ടൊറന്റോ, സിംഗപ്പൂര്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തിയിരുന്നു. ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമെയാണിത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടരാന്‍ ഇനി കമ്പനിക്ക് സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

അതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധി മറി കടക്കാനായി 75 ശതമാനം ഓഹരികളും വില്‍ക്കാന്‍ നടപടി ആരംഭിച്ചു. ഇതിനായി പ്രാരംഭ ബിഡിന് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. കമ്പനിക്ക് വായ്പ നല്‍കിയ ബാങ്കുകളുടെ നേതൃത്വം വഹിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബിഡ് ക്ഷണിച്ചിരിക്കുന്നത്. ഏപ്രില്‍ പത്തിനകം ബിഡ് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടിയുടെ ആസ്തിയുള്ള കമ്പനികള്‍ക്കോ അല്ലെങ്കില്‍ എയര്‍ലൈന്‍ ബിസിനസ് രംഗത്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുള്ള കമ്പനികള്‍ക്കോ ബിഡില്‍ പങ്കെടുക്കാം.