• 19 Aug 2019
  • 02: 40 PM
Latest News arrow

ബാര്‍ കോഴക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: ബാര്‍ കോഴ കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. കേസിലെ ആരോപണ വിധേയനായ കെ.എം  മാണിയുടെ മരണത്തെ തുടര്‍ന്ന് കേസ് നിലനില്‍ക്കാത്തതു കൊണ്ടാണ് ഹൈക്കോടതിയുടെ ഈ തീരുമാനം.  വി എസ് അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

ബാര്‍ കോഴക്കേസിനെ തുടര്‍ന്നാണ് യുഡിഎഫ് മന്ത്രിസഭയില്‍ നിന്നും മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നത്.

കെ എം മാണിക്ക് എതിരെയുള്ള ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണ അനുമതിയില്‍ സര്‍ക്കാര്‍ തീരുമാനം നീളുമ്പോഴായിരുന്നു വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സ്‌പെഷല്‍ ജഡ്ജിയുടെ തുടരന്വേഷണ ഉത്തരവില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടണം എന്ന അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു വിഎസ് കോടതിയെ സമീപിച്ചത്. 
സര്‍ക്കാര്‍ അനുമതി വേണം എന്ന നിയമഭേദഗതി വരുന്നതിന് മുമ്പുള്ള കേസാണ് ഇതെന്നും അതിനാല്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്നും വിഎസ് വാദിച്ചു. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ 2014ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.