• 22 Oct 2019
  • 03: 41 AM
Latest News arrow

'മേരാ നാം ഷാജി'; ഒപ്പിച്ചെടുത്ത ചിരി

പൊട്ടിച്ചിരിപ്പിക്കുന്ന ത്രില്ലടിപ്പിക്കുന്ന രണ്ട് ചിത്രങ്ങള്‍ക്കൊണ്ട് മലയാളികളെ കയ്യിലെടുത്ത സംവിധായകനാണ് നാദിര്‍ഷ. കട്ടപ്പനയിലെ ഹൃത്വിക് റോഷനെ രണ്ടില്‍ കൂടുതല്‍ തവണ കാണാത്തവര്‍ ചുരുക്കമായിരിക്കും. വേനല്‍ച്ചൂടിലും തെരഞ്ഞെടുപ്പ് ചൂടിലും ശരീരവും മനസ്സും ഒരു പോലെ ചൂടുപിടിച്ചിരിക്കുമ്പോള്‍ ഒന്ന് റിലാക്‌സാകണമെന്ന് തോന്നുന്നവര്‍ നാദിര്‍ഷായുടെ പടത്തിന് കേറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. രണ്ട് ഹിറ്റുകളുടെ പിന്‍ബലം കൂടിയുണ്ടാകുമ്പോള്‍ പറയേണ്ട. പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ നാദിര്‍ഷായുടെ മൂന്നാം സംരംഭത്തിന് സാധിച്ചില്ലെന്ന് നിസംശയം പറയാം. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കുള്ള 'ഷാജി' എന്ന പേരിന്റെ മഹാത്മ്യത്തെ ചൂണ്ടിക്കാട്ടുന്ന സിനിമ എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്. പക്ഷേ ആ പേരിന് കഥയില്‍ വലിയ റോളുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രീകരണമല്ല സിനിമയില്‍ കാണാന്‍ സാധിക്കുന്നത്. മൂന്ന് ഷാജിമാരുടെ വ്യത്യസ്തങ്ങളായ ജീവിതവും ഒരു വേളയില്‍ അവര്‍ മൂന്ന് പേരും ഒന്നിക്കുന്നതും നിമിഷങ്ങള്‍ക്കകം പിരിഞ്ഞുപോകുന്നതുമാണ് ആകെ മൊത്തത്തില്‍ ഈ സിനിമ. ഇവരുടെ പേരുകള്‍ തമ്മിലുള്ള സാമ്യമാണ് ചിത്രത്തിലെ പല സന്ദര്‍ഭങ്ങളെയും മാറ്റി മറിച്ച് ഇവരെ ഒന്നിപ്പിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ടെങ്കിലും അവ പൂര്‍ണമായും വിജയിച്ചുവെന്ന് പറയാന്‍ സാധിക്കുകയില്ല. കാരണം ഇവരുടെ പേര് മറ്റ് വല്ലതുമായിരുന്നെങ്കിലും ഈ സിനിമയിലെ ഒരു രംഗത്തിന് പോലും മാറ്റം വരില്ലായിരുന്നു. അതിനാല്‍ സിനിമയുടെ പേരായും സിനിമയിലെ കഥാപാത്രങ്ങളുടെ പേരായും മാറിയിട്ടുള്ള 'ഷാജി' എന്ന പേരിന് അതില്‍ കൂടുതല്‍ പ്രസക്തിയൊന്നും സിനിമയില്‍ ഇല്ല. ഇടയ്ക്ക് ഷാജി എന്ന പേരിന്റെ മഹത്വം ചില ഡയലോഗുകളിലൂടെ കഥാപാത്രങ്ങള്‍ തന്നെ പറയുന്നതൊഴിച്ചാല്‍. 

കോഴിക്കോട്ടെ ഗുണ്ടാ ഷാജി, കൊച്ചിയിലെ ഉഡായിപ്പ് ഷാജി, തിരുവനന്തപുരത്തെ ടാക്‌സി ഡ്രൈവര്‍ ഷാജി എന്നിവരെ കേന്ദ്രീകരിച്ചാണ് സിനിമ കഥ പറയുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ഒരു ഷാജി ഉണ്ടാകും എന്ന യാഥാര്‍ത്ഥ്യത്തിന് ഊന്നല്‍ കൊടുക്കാനാണ് ഈ പ്രാദേശിക സങ്കലനം. ഇതില്‍ ഡ്രൈവര്‍ ഷാജിയും ഗുണ്ടാ ഷാജിയും തങ്ങളുടെ ജോലിയുടെ ഭാഗമായി കൊച്ചിയിലെത്തുന്നതും ക്ലൈമാക്‌സില്‍ ഒന്നിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 

്കൃത്യമായ ഒരു കഥയിലൂന്നി സന്ദര്‍ഭോചിതമായി തമാശ പറയുന്ന രീതിയല്ല 'മേരാ നാം ഷാജി' സ്വീകരിച്ചിരിക്കുന്നത്. മറിച്ച് ചിരിയ്ക്ക് പ്രാധാന്യം നല്‍കാന്‍ വേണ്ടി ഒരു കഥ തട്ടിക്കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. തമാശകള്‍ സന്ദര്‍ഭോചിതമല്ലാത്തതുകൊണ്ടും കഥയ്ക്ക് കെട്ടുറപ്പില്ലാത്തതിനാലും 'മേരാ നാം ഷാജി'യ്ക്ക് പ്രേക്ഷകരെ കാര്യമായി ചലിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ദ്വയാര്‍ത്ഥത്തോടെയുള്ള അശ്ലീല പ്രയോഗങ്ങളും തെറിയഭിഷേകങ്ങളും ഉള്‍പ്പെടുത്തി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിച്ചത് പാളി. 

തമാശകള്‍ കഥയോടും കഥാസന്ദര്‍ഭങ്ങളോടും ഇഴകിച്ചേര്‍ന്നു വരുമ്പോഴാണ് പ്രേക്ഷകനും മതിമറന്ന് ചിരിക്കാന്‍ കഴിയുക. ഇവിടെ 'ഷാജി' എന്ന പേരിന്റെ കൗതുകകരമായ സാധാരണത്വത്തെ അടിസ്ഥാനമാക്കി ഒരു ചിരിപ്പടം ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടി ഒരു കഥ ഒപ്പിച്ചെടുത്തതുപോലെയുള്ള അനുഭവം പ്രേക്ഷകന് ഉണ്ടാകുന്നുണ്ട്.

ചിത്രത്തില്‍ ധര്‍മ്മജന്റെയും ബൈജുവിന്റെയും പ്രകടനത്തിലാണ് തമാശ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ രണ്ടാം നിരയിലുള്ള ബിജു മേനോനും ആസിഫ് അലിയും ഗണേഷ് കുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ആസിഫ് അലിയും ബിജു മേനോനും ടൈപ്പ് വേഷങ്ങളിലാണ്. ഇരുവരുടെയും മുന്‍ ചിത്രങ്ങളില്‍ നിന്നും യാതൊരു പുതുമയുമില്ലാത്ത കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലും ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധ ഇവരില്‍ നിന്നും ബൈജു പിടിച്ചുപറ്റുന്നുണ്ട്. 

സിനിമയിലെ ചില ഡയലോഗുകള്‍ സംവിധായകന്റെ മനസ്സിലുള്ളത് എന്തൊക്കെയോ വിളിച്ചുകൂവാനുള്ള അവസരം പോലെയാണ് ഉപയോഗിച്ചത്. സ്ത്രീവിരുദ്ധതയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ക്ലൈമാക്‌സ് രംഗങ്ങളില്‍ രഞ്ജിനി ഹരിദാസിന്റെ കഥാപാത്രത്തിനോട് മാസ് പരിവേഷത്തില്‍ വരുന്ന ഗുണ്ടാ ഷാജി നടത്തുന്ന ഡയലോഗ്, ഭാര്യയെ തല്ലാന്‍ കെട്ടിയവന്റെ കയ്യില്‍ വടിയുണ്ടാകണമെന്ന ഉപദേശം, ടാക്‌സി ഡ്രൈവര്‍ ഷാജിയുടെ ഭാര്യയെ ചിത്രീകരിച്ചിരിക്കുന്നത് അങ്ങിനെ പറ്റാവുന്ന ഇടങ്ങളിലെല്ലാം സ്ത്രീവിരുദ്ധത കുത്തിക്കയറ്റിയിട്ടുണ്ട്. പിന്നെ ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരെ ചിത്രീകരിച്ചിരിക്കുന്ന രീതിയും തെളിവുണ്ടാക്കി ഏത് പ്രമുഖനെയും പിടിച്ച് അകത്തിടാന്‍ പറ്റുമെന്ന പൊലീസുകാരന്റെ വീരവാദവും അടക്കം സംവിധായകന്‍ തന്റെ അഭിപ്രായപ്രകടനം കഥാപാത്രങ്ങളിലൂടെ വിളിച്ചുപറയുന്നതുപോലുള്ള അനുഭവമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. 

ക്ലീഷേ രംഗങ്ങളാണ് മിക്കവയും. നായകന്റെ കാമുകിയായ നായിക നിര്‍ഭാഗ്യവശാല്‍ മറ്റാരെയെങ്കിലും വിവാഹം കഴിക്കേണ്ടി വന്നാല്‍ അവളുടെ ആ ഭര്‍ത്താവ് ക്രൂരനായിരിക്കുമെന്നാണ് പലപ്പോഴും മലയാള സിനിമ പറയുന്നത്. ഈ സിനിമയും മറിച്ച് പറയുന്നില്ല. കാമുകിയുടെ ക്രൂരനായ ഭര്‍ത്താവില്‍ നിന്നും കാമുകിയെ നായകന്റെ സമീപത്തേയ്ക്ക് തിരിച്ചെത്തിക്കാന്‍ ഈ സിനിമയുടെ സംവിധായകനും മറന്നിട്ടില്ല. 

പരിസരം മറന്ന് ലയിച്ചിരിക്കാനും അല്‍പ്പസമയം അതാണ് യാഥാര്‍ത്ഥ്യമെന്ന് തെറ്റിദ്ധരിക്കപ്പെടാനും പ്രേക്ഷകന് അവസരം കൊടുക്കുന്നതാണ് സിനിമ. 'മേരാ നാം ഷാജി' കാണുമ്പോള്‍ ഒരിക്കല്‍ പോലും ഇത്തരം ഒരു അവസരം ലഭിച്ചതേയില്ല. ടെലിവിഷന്‍ ചാനലുകളിലെ ഒരു കോമഡി സ്‌കിറ്റ് ദൈര്‍ഘ്യം നീട്ടി, സ്‌റ്റേജിന് പുറത്ത് യഥാര്‍ത്ഥ സ്ഥലകാലത്തില്‍ അവതരിപ്പിച്ച അനുഭവമാണുണ്ടായത്.