• 01 Feb 2023
  • 07: 40 AM
Latest News arrow

മരണം പ്രവചിക്കാനും നിര്‍മിതബുദ്ധി

ഇനി മരണം പ്രവചിക്കാനും  നിര്‍മിതബുദ്ധിയുടെ സഹായം തേടാം. ഗുരുതര അസുഖമുളള മധ്യവയസ്‌കരുടെ മരണം പ്രവചിക്കാന്‍ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയിലെ ഗവേഷകര്‍ . 

'റാന്‍ഡം ഫോറസ്റ്റ്','ഡീപ് ലേണിങ്' എന്നിങ്ങനെ പേരു നല്‍കിയിരിക്കുന്ന പുതിയ നിര്‍മിതബുദ്ധി മെഷീന്‍ ലേണിങ് മാതൃകകളുടെ പ്രവചനം കൃത്യമാണെന്നും വിദഗ്ധരായ മനുഷ്യര്‍ വികസിപ്പിച്ചെടുത്ത നിലവിലെ സംവിധാനത്തെക്കാള്‍ മെച്ചപ്പെട്ടതാണെന്നും ഗവേഷകര്‍ പറഞ്ഞു. ഓരോരുത്തരുടെയും ചികിത്സാസംബന്ധിയും ഡെമോഗ്രാഫിക്,ബയോമെട്രിക് ജീവിതശൈലി ഘടകങ്ങളും പരിഗണിച്ചാണ് ഈ  നിര്‍മിതബുദ്ധി മരണം പ്രവചിക്കുക. ഇതു കൂടാതെ ഒരുദിവസം കഴിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവയുടെപോലും കണക്കുകള്‍ ശേഖരിച്ച് വിശകലനം ചെയ്യുമെന്നും സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റീഫന്‍ വെങ് പറഞ്ഞു. 

രോഗങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിലും കൃത്യമായി രോഗത്തെ തടഞ്ഞു നിര്‍ത്തുന്നതിനും ഇത് സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതില്‍ കൃത്യമായ നിര്‍വചനത്തിന് കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുളള സംവിധാനത്തിനുവേണ്ടി വര്‍ഷങ്ങളായി പരിശ്രമിച്ചുവരികയായിരുന്നുവെന്നും വെങ് പറയുന്നു. 40നും 69നും ഇടയില്‍ പ്രായമുളള അഞ്ചുലക്ഷം പേരിലാണ് പഠനം നടത്തിയത്.