• 09 Mar 2021
  • 06: 43 AM
Latest News arrow

"നഗ്നമേനി കാണിച്ചല്ല ഹെല്‍മറ്റ് വില്‍ക്കേണ്ടത്"; ജര്‍മ്മനിയിൽ പരസ്യത്തിനെതിരെ വനിതാ സംഘടനകള്‍

പരസ്യം ചെയ്യുമ്പോള്‍ അണിയറ ശില്‍പികള്‍ ആഗ്രഹിക്കുന്നത് പരസ്യം ശ്രദ്ധിക്കപ്പെടണം എന്നാണ്. അതാണ് പരമമായ ലക്ഷ്യം. പക്ഷേ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കാമോ എന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുളളത്. ഏതു മാര്‍ഗത്തിലൂടെയും പരസ്യം ശ്രദ്ധേയമാക്കി എന്താണോ ഉദ്ദേശിക്കുന്നത് അതു ചര്‍ച്ചാവിഷയമാക്കുകയാണ് വേണ്ടതെന്ന് ചിലര്‍ വാദിക്കുമ്പോള്‍ ധാര്‍മികമല്ലാത്ത മാര്‍ഗങ്ങള്‍ നല്ലതല്ലെന്ന അഭിപ്രായക്കാരുമുണ്ട്. ഇതേ ചൊല്ലി ജര്‍മനിയില്‍  പൊരിഞ്ഞ പോരാട്ടമാണ്. വിവാദത്തിനു കാരണമായതോ സൈക്കിള്‍ യാത്രക്കാരെ ഹെല്‍മറ്റ് ധരിപ്പിക്കാനുളള  സര്‍ക്കാര്‍ പരസ്യവും.

ജര്‍മനിയിലെ ഗതാഗത മന്ത്രാലയമാണ് പരസ്യത്തിന് പിന്നില്‍. ഹെല്‍മറ്റ് ധരിച്ച മോഡലുകളെയാണ് പരസ്യത്തില്‍ അണിനിരത്തിയിരിക്കുന്നതും. പക്ഷേ തലയില്‍ ഹെല്‍മെറ്റ് ഉണ്ടെങ്കിലും ശരീരത്തില്‍ മോഡലുകള്‍ക്ക് അടിവസ്ത്രങ്ങള്‍ മാത്രമാണുളളത്. ഇതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്. വിമര്‍ശനം ഉണ്ടായെങ്കിലും തങ്ങള്‍ പരസ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും  തങ്ങളുടെ ലക്ഷ്യം നിറവേറിയതായും ഗതാഗത മന്ത്രാലയം അവകാശപ്പെടുന്നു.

ഒരു പരസ്യത്തിലെ മോഡലായ യുവതിയ്ക്ക് മാറിടം മറയ്ക്കാന്‍ അല്‍പവസ്ത്രം മാത്രം. മോഡലിന്റെ തലയിലാകട്ടെ ആകര്‍ഷകമായ വയലറ്റ് നിറത്തിലുളള ഹെല്‍മറ്റുണ്ട്. കണ്ടിട്ട് ഒരു മോശം ലുക്ക് ഉണ്ടെങ്കില്‍ തന്നെയെന്താ ജീവിതം രക്ഷിച്ചു എന്നര്‍ത്ഥം വരുന്ന വാചകങ്ങളാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ജര്‍മന്‍ ടെലിവിഷനിലെ പ്രശസ്തമായ ഗെയിം ഷോയിലെ താരങ്ങളെയാണ് പരസ്യത്തില്‍ മോഡലുകളാക്കിയിരിക്കുന്നത്.

പരസ്യം പുറത്തുവന്ന ഉടന്‍ വനിതാ സംഘടനകള്‍ രംഗത്തെത്തി. പരസ്യം അസ്വസ്ഥയുണ്ടാക്കുന്നതും അശ്ലീലവുമാണെന്ന് അവര്‍ ആരോപിക്കുന്നു. നഗ്നമേനി കാണിച്ചല്ല ഹെല്‍മറ്റ് വില്‍ക്കേണ്ടതെന്നും അവര്‍ ശക്തമായി വാദിക്കുന്നു. ഗതാഗതമന്ത്രാലയത്തിന്റെ നിലപാടുകള്‍ക്കെതിരെ കുടുംബാരോഗ്യമന്ത്രാലയവും രംഗത്തെത്തി. പൂര്‍ണമായും വസ്ത്രം ധരിച്ചുകൊണ്ട് സൈക്കിള്‍ ചവിട്ടുന്ന സ്വന്തം ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി കുറിച്ചു. "പൂര്‍ണമായി വസ്ത്രം ധരിക്കുന്നതിനൊപ്പം ഹെല്‍മറ്റ് കൂടി വച്ചാലും യാത്ര സുരക്ഷിതമാകും." 

വ്യാപക വിമര്‍ശനമുണ്ടെങ്കിലും പരസ്യം ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഗതാഗത മന്ത്രാലയ വക്താക്കാള്‍. റോഡു സുരക്ഷയ്ക്കുവേണ്ടിയുളള ധീരമായ ശ്രമം കുറച്ചു വിവാദമുണ്ടാക്കിയാലും കുഴപ്പമില്ല എന്നാണവരുടെ പക്ഷം. സൈക്കിളോടിക്കുന്ന എല്ലാവരും ഹെല്‍മറ്റ് വയ്ക്കണം. അതുമാത്രമാണ് ലക്ഷ്യം. അങ്ങനെതന്നെ സംഭവിക്കട്ടെയെന്ന നിലപാടില്‍  ഗതാഗതമന്ത്രാലയ വക്താക്കള്‍ ഉറച്ചുതന്നെയാണ്.