• 23 Sep 2023
  • 02: 54 AM
Latest News arrow

സുഹൈല്‍ ഖാന്‍ ടീമില്‍; ഉമര്‍ ഗുല്‍ ഇല്ല

ഇസ്ലാമാബാദ്: നാലുവര്‍ഷത്തെ ഇടവേളയ്ക്ക്‌ശേഷം ഫാസ്റ്റ്ബൗളര്‍ സുഹൈല്‍ഖാന്‍ പാകിസ്താന്‍ ടീമിലേക്ക് തിരിച്ചുവന്നു. 30കാരനായ സുഹൈല്‍ സാധ്യതാപട്ടികയില്‍ ഉണ്ടായിരുന്നില്ല. 2011ലാണ് സുഹൈല്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തത്. അതേസമയം ഫാസ്റ്റ്ബൗളര്‍ ഉമര്‍ ഗുലിനെ ടീമില്‍ എടുത്തില്ല.

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ പാകിസ്താന്‍ ടീമില്‍ ലെഗ്‌സ്പിന്നര്‍ യാസിര്‍ ഷായെയും ഉള്‍പ്പെടുത്തി. മിസ്ബാ ഉല്‍ ഹഖ് നയിക്കുന്ന ടീമില്‍ രണ്ട് ഓപ്പണര്‍മാരും അഞ്ച് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരും അഞ്ച് ഫാസ്റ്റ് ബൗളര്‍മാരുമാണുള്ളത്. സ്പിന്നര്‍മാര്‍ രണ്ടു പേരുണ്ട്. സര്‍ഫ്രാസ് അഹമ്മദാണ് ഏക വിക്കറ്റ്കീപ്പര്‍.

ടെസ്റ്റില്‍ തിളങ്ങിയിരുന്നുവെങ്കിലും ന്യൂസീലന്‍ഡുമായുള്ള ഏകദിന മത്സരങ്ങളില്‍ നിറംകെട്ട ബാറ്റ്‌സ്മാന്‍ യൂനിസ്ഖാന്‍ ടീമിലിടം നേടി. അതേസമയം അടുത്ത കാലത്തായി കളിയില്‍ നല്ല സ്ഥിരത കാട്ടിയിരുന്ന ഇടങ്കൈ മിഡില്‍ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ഫവാദ് അലമിന് സ്ഥാനം നേടാനായില്ല. ഹാരിസ് സുഹൈലിനാണ് പകരം നറുക്ക് വീണത്.

ബി ഗ്രൂപ്പില്‍ ഫെബ്രുവരി 15ന് അഡലെയ്ഡില്‍ ഇന്ത്യയുമായാണ് പാകിസ്താന്റെ ആദ്യമത്സരം. വെസ്റ്റിന്‍ഡീസ്, യുഎഇ, സൗത്ത് ആഫ്രിക്ക, അയര്‍ലണ്ട് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. വഖാര്‍ യുനിസാണ് കോച്ച്.

 ടീം:അഹമ്മദ് ഷെഹ്‌സാദ്, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ്, യൂനിസ് ഖാന്‍, ഹാരിസ് സുഹൈല്‍, മിസ്ബാ ഉല്‍ ഹഖ്, ഉമര്‍ അക്മല്‍, ഷൈ്വബ് മക്‌സൂദ്, ഷാഹിദ് അഫ്രീദി, യാസിര്‍ ഷാ, മുഹമ്മദ് ഇര്‍ഫാന്‍, ജുണൈദ് ഖാന്‍, എഹ്‌സാന്‍ അദില്‍, സുഹൈല്‍ ഖാന്‍, വഹബ് റിയാസ്.