കാന്‍സറിന് പുതിയ മരുന്ന്: വികസിപ്പിച്ചെടുക്കുന്നത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

അര്‍ബുദ ചികിത്സാ രംഗത്ത് അദ്ഭുതങ്ങള്‍ക്ക് സാധ്യതയുളള പുതിയ മരുന്ന് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗവേഷകര്‍. ഞരമ്പില്‍ നേരിട്ട് കുത്തിവയ്ക്കാവുന്ന മരുന്ന് എലികള്‍ ഉള്‍പ്പെടെ മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചു. കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്ക് കൈമാറി. വിജയകരമായാല്‍ 3 വര്‍ഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
സാധാരണയായി കാണപ്പെടുന്ന ഒരു സസ്യത്തില്‍ നിന്ന് വേര്‍തിരിച്ച ഏക തന്മാത്ര പദാര്‍ത്ഥവും രക്തത്തിലെ ആല്ബുമിന് എന്ന പ്രോട്ടീനും ചേര്‍ത്താണ് ശ്രീചിത്രയിലെ ഗവേഷകര്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുളള മരുന്ന് സൃഷ്ടിച്ചത്. ഇത് ലോകത്തു തന്നെ ആദ്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന പദാര്‍ത്ഥങ്ങള്‍ ചില സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാറുണ്ടെങ്കിലും അതൊന്നും ജലത്തില്‍ ലയിക്കാത്തതിനാല്‍ കുത്തിവയ്പ്പിലൂടെ ശരീരത്തിലേക്ക് നേരിട്ടു കടത്തിവിടാനാവില്ല. ശ്രീചിത്രയിലെ ഗവേഷകര്‍ സസ്യ പദാര്‍ത്ഥത്തിലെ പ്രോട്ടീനും ആല്‍ബുമിനുമായി സംയോജിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയുണ്ടാക്കുന്ന മരുന്ന് ഞരമ്പുകളില്‍ കൂടി കുത്തിവയ്ക്കാം. എസ്സിടിഎസി 2010 എന്നാണ് മരുന്നിന് നല്‍കിയിരിക്കുന്ന പേര്. സസ്യമേതെന്ന് ഈ ഘട്ടത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ മൃഗങ്ങളിലുള്‍പ്പെടെ പരീക്ഷണങ്ങളിലൂടെ മാത്രമെ ഏതൊക്കെ തരം അര്‍ബുദങ്ങള്‍ക്ക് മരുന്ന് ഫലപ്രദമാകുമെന്ന് കണ്ടെത്താനാകൂ. മൂന്നോ നാലോ പരീക്ഷണഘട്ടങ്ങള്‍ കഴിഞ്ഞാല്‍ മാത്രമെ ഡ്രഗ് കണ്ട്രോളര് ജനറലിന്റെ ഉള്‍പ്പെടെ അംഗീകാരം ലഭിക്കൂ.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായി ഡോ.ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണ് മരുന്ന് വികസിപ്പിച്ചത്. ഡോ.രഞ്ജിത്ത് പി.നായര്‍, ഡോ.മോഹനന്, ഡോ.ആര്യ അനില്‍, ഡോ. മെജോ സി.കോര, ഡോ.ഹരികൃഷ്ണന് തുടങ്ങിയവരാണ് ഗവേഷക സംഘത്തിലുണ്ടായിരുന്നത്. 2010ല്‍ തുടക്കമിട്ട ഗവേഷണമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്. ശ്രീചിത്രയിലെ ഗവേഷകരും മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും ചേര്‍ന്ന് കണ്ടുപിടുത്തത്തിന് പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.