• 25 Apr 2019
  • 12: 37 AM
Latest News arrow

ജനാധിപത്യത്തിന്റെ മഷി തയ്യാര്‍

മൈസൂര്‍: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് രാജ്യം തയ്യാറെടുക്കുമ്പോള്‍ അതില്‍ ഒഴിച്ചുകൂടാനാകാത്ത പങ്ക് വഹിക്കുകയാണ് മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് (എം.പി.വി.എല്‍). കര്‍ണാടക സംസ്ഥാന ഗവണ്‍മെന്റിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ  എം.പി.വി.എല്ലിനാണ് വോട്ടറുടെ വിരലിൽ പുരട്ടാനുള്ള മായാത്ത മഷി ഉത്പാദിപ്പിക്കാനുള്ള ചുമതല.

മഷി ഉല്‍പാദനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇത്തവണ കമ്പനിയ്ക്കുണ്ടായത്. 2014-ലെ  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 22 ലക്ഷം മഷിക്കുപ്പികളാണുല്‍പാദിപ്പിച്ചതെങ്കില്‍ ഇത്തവണയത് 26 ലക്ഷം ആയി ഉയര്‍ന്നു. 700 വോട്ടര്‍മാര്‍ക്ക് ഒരു മഷിക്കുപ്പി എന്ന നിലയിലാണ് ഉല്‍പാദനം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ 33 കോടി രൂപയാണ് എം.പി.വി.എല്ലിന് നല്‍കേണ്ടി വരുക.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ഉത്തര്‍പ്രദേശിലേക്കാണ് കൂടുതല്‍ മഷി അയക്കേണ്ടി വരിക. കുറവ് മഷി പോര്‍ട്ബ്ലയറിലേക്കും.

1937-ല്‍ മൈസൂർ ഭരണാധികാരിയായിരുന്ന വൊഡയാര്‍  നാലാമനാണ്  ഈ കമ്പനി സ്ഥാപിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം കര്‍ണാടക സര്‍ക്കാറിന് കൈമാറുകയായിരുന്നു.1962-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ഇവിടുത്തെ മഷി ആദ്യമായി  ഉപയോഗിക്കുന്നത്. ഇതിനു ശേഷം പിന്നീട് നടന്ന ഭൂരിഭാഗം  നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഇവിടുത്തെ മഷിയാണ്  ഉപയോഗിച്ചിട്ടുള്ളത്. ഇരുപത്തഞ്ചോളം രാജ്യങ്ങളിലേക്ക്  മൈസൂര്‍ പെയിന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡിൽ ഉൽപ്പാദിപ്പിക്കുന്ന മഷി കയറ്റിയയക്കുകയും  ചെയ്യുന്നു.