• 22 Jul 2019
  • 12: 04 PM
Latest News arrow

ഇന്ത്യയില്‍ രജിസ്റ്റർ ചെയ്തത് 2,293 രാഷ്ട്രീയ പാര്‍ട്ടികള്‍; അംഗീകാരമുള്ളത് 66 പാർട്ടികൾക്ക് മാത്രം!

ഇന്ത്യയിൽ എത്ര രാഷ്ട്രീയപാർട്ടികളുണ്ട് ? ഓർമ്മയിൽ വരുന്ന പാർട്ടികളുടെ കണക്കെടുത്താൽ വിരലിലെണ്ണാം. എന്നാൽ രാജ്യത്ത് 2,293 രാഷ്ട്രീയപാർട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന കണക്കു കേൾക്കുമ്പോൾ ആശ്ചര്യം തോന്നാം. പക്ഷെ, ഇവയില്‍ ഏഴ് പാര്‍ട്ടികളെ മാത്രമേ ദേശീയപാര്‍ട്ടികളായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ളൂ. 59 പാര്‍ട്ടികളെ സംസ്ഥാനപാര്‍ട്ടികളായും അംഗീകരിച്ചിട്ടുണ്ട്. 

ഇപ്പോഴത്തെ കണക്കുപ്രകാരമുള്ള 2,293-ൽ 149 എണ്ണം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 9ന് തൊട്ടുമുന്‍പായി രജിസ്റ്റർ ചെയ്തവയാണ്. പാര്‍ട്ടികള്‍ രജിസ്റ്റർ ചെയ്യാനുള്ള ഇതേ തിരക്ക് കഴിഞ്ഞ മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം, ചത്തീസ്ഗഡ്‌ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും കണ്ടതാണ്.

എന്നാൽ പുതുതായി രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത ഇത്തരം പാര്‍ട്ടികള്‍ക്ക് സ്വന്തമായി ഒരു നിശ്ചിത ചിഹ്നം ഉപയോഗിച്ച് മത്സരിക്കാനുള്ള അവകാശം ഇല്ല. 84 സൗജന്യ ചിഹ്നങ്ങള്‍ അടങ്ങിയ ഒരു പട്ടികയില്‍ നിന്ന് വേണം ഇവർക്ക് ചിഹ്നങ്ങള്‍ തിരഞ്ഞെടുക്കാന്‍. അംഗീകരിക്കപ്പെട്ട രാഷ്ടീയ പാര്‍ട്ടികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ നിശ്ചിത ശതമാനം വോട്ടുകളോ സീറ്റുകളോ നിയമസഭാ തിരഞ്ഞെടുപ്പുകളിലും  ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും നേടേണ്ടതുണ്ട്.

രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾ വരുമാനവും വരുമാനത്തിന്റെ ഉറവിടവും കാണിച്ചുകൊണ്ട്  റിട്ടേൺ സമർപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെങ്കിലും 2015-16ല്‍ ആകെ അഞ്ച് ശതമാനം പാര്‍ട്ടികള്‍ മാത്രമേ റിട്ടേൺ സമര്‍പ്പിച്ചിട്ടുള്ളൂ എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. എന്നാൽ  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കാര്യത്തില്‍ നിസ്സഹായരാണ്. കാരണം  തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല. അതുകൊണ്ടു തന്നെ ചിലർ പാർട്ടികൾ രജിസ്റ്റർ ചെയ്ത് കള്ളപ്പണം വെളുപ്പിക്കാനായി മാത്രം  ഉപയോഗിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. 

2005-2015നും ഇടയില്‍ ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത രജിസ്റ്റര്‍ ചെയ്ത  255  പാർട്ടികളുണ്ട്. രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കാത്ത പാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ഡയറക്റ്റ് ടാക്‌സ് ഡിപ്പാര്‍ട്ട്മെന്റിനോട് കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. 

തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാത്രമേ ഭരണഘടന അധികാരം നല്‍കുന്നുള്ളൂ. ഡീ-രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷന് അധികാരമില്ല. ഇതിനുള്ള  അധികാരം നല്‍കുന്ന ഭേദഗതി നിയമ വകുപ്പിന് കീഴില്‍ കിടക്കുകയാണ്. ഈ ഭേദഗതി നിയമമായാൽ വന്നാൽ 'കടലാസ് പാർട്ടി'കളെ നിലയ്ക്ക് നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയും.