• 20 Mar 2019
  • 09: 43 AM
Latest News arrow

പ്രണയ വിവാഹം: ദമ്പതികളെ ഒറ്റപ്പെടുത്തുമെന്ന് പഞ്ചാബിലെ ഗ്രാമസഭ

പഞ്ചാബ്: പ്രണയിച്ച് വിവാഹം ചെയ്യുന്നവര്‍ക്കും ഒളിച്ചോടി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്കും ഇനിമുതല്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് പഞ്ചാബിലെ ഗ്രാമസഭ. പഞ്ചാബിലെ ലുധിയാന ഗ്രാമത്തിലാണ്‌ സംഭവം. സാമൂഹികപരമായി ദമ്പതികളെ ഒറ്റപ്പെടുത്തുമെന്നാണ് ഗ്രാമസഭ മുന്നറിയിപ്പു നല്‍കുന്നത്. ഇവര്‍ക്ക് വൈദ്യുതി, വെള്ളം, അഴുക്കുചാലുകള്‍ എന്നിവ ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുമെന്നും ഗ്രാമമുഖ്യന്‍ സിക്കന്ദര്‍ സിംങ് പറഞ്ഞു. 

ഈയിടെയായി ഗ്രാമത്തില്‍ നിന്നുള്ള ഒളിച്ചോട്ടം വര്‍ദ്ധിച്ചിട്ടുണ്ടെന്നും മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നത് മൂലം ഗ്രാമത്തിന്റെ പേരിന് കളങ്കം സംഭവിക്കുന്നുണ്ടെന്നും വളര്‍ന്നുവരുന്ന കുട്ടികള്‍ ഇതനുകരിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞാണ് ഈ വിലക്ക് ഏര്‍പ്പെടുത്തുന്നത്. 

ഉപരോധത്തിന്റെ നിയമപരമായ നിലനില്‍പിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും ഗ്രാമം മുഴുവന്‍ ഏകകണ്ഠമായി തീരുമാനിച്ചകാര്യം ഞങ്ങള്‍ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും ഗ്രാമമുഖ്യന്‍ പറഞ്ഞു.

എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് ലുധിയാന ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രദീപ് അഗര്‍വാള്‍ പ്രതികരിച്ചു. 

കഴിഞ്ഞവര്‍ഷം കോടതിയില്‍വച്ച് വിവാഹിതരായ 21 വയസുകാരനും 19കാരിക്കും ഗ്രാമത്തില്‍ വിലക്കേര്‍പ്പെടുത്തിയത് വാര്‍ത്തയായിരുന്നു. അധികൃതരുടെ ഇടപെടലിനുശേഷം മാത്രമാണ് ഇവര്‍ക്ക് ഗ്രാമത്തില്‍ പ്രവേശനം സാധ്യമായിരുന്നത്.