നന്മ നിറഞ്ഞവൾ പുഷ്പ; ഭിന്നശേഷിക്കാരുടെ അത്താണി

ഇത് പുഷ്പ എന്‍എം. ബംഗളൂരുവില്‍ ടെക്കിയായ പുഷ്പ ഒഴിവു വേളകളിലെല്ലാം ചേര്‍ന്ന് ആകെ എഴുതിയ പരീക്ഷകളെത്ര എന്ന് ചോദിച്ചാല്‍ "700 -ന് മുകളില്‍" എന്ന് ഉത്തരം വരും. എന്നാൽ ഈ പരീക്ഷകളെല്ലാം പുഷ്പയെഴുതിയത് തനിക്കുവേണ്ടിയല്ല; ഭിന്നശേഷിക്കാരായവര്‍ക്ക് വേണ്ടിയാണ്. കഴിഞ്ഞ 12 വര്‍ഷമായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പുഷ്പ പരീക്ഷ പകര്‍ത്തിയെഴുതി കൊടുക്കുന്നു. അതിനാലാണ് 2018ല്‍ 'നാരീശക്തി' പുരസ്കാരം നല്കി പുഷ്പയുടെ നിസ്വാര്‍ത്ഥ സേവനത്തെ രാജ്യം അംഗീകരിച്ചത്.
"എനിക്ക് വേണ്ടി പരീക്ഷയെഴുതിയപ്പോള്‍ പോലും ഇപ്പോൾ ലഭിക്കുന്ന സംതൃപ്തിയും സന്തോഷവും തോന്നിയിട്ടില്ല"- പുഷ്പ പറയുന്നു.
എന്‍ജിഒ നടത്തുന്ന ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം കാഴ്ചക്കുറവുളള ഒരു വിദ്യാര്‍ത്ഥിക്കുവേണ്ടി പരീക്ഷ എഴുതിക്കൊടുത്തായിരുന്നു തുടക്കം. പിന്നീട് ആ എഴുത്ത് തുടര്‍ന്നു. ഒരു വര്‍ഷം 50-60 പരീക്ഷകളാണ് പുഷ്പ എഴുതുന്നത്. എക്സാം തുടങ്ങുന്നതിന് മുമ്പായി പുഷ്പ വിദ്യാര്‍ത്ഥിയുമായി അടുപ്പം ഉണ്ടാക്കും. അപരിചിതത്വത്തിന്റെ കെട്ടുപാടുകള്‍ ഒന്നുമില്ലാതെ ഇരുവരും ചേര്‍ന്ന് പരീക്ഷാചൂടിലേക്ക് കടക്കും. ഇടയ്ക്ക് ഉത്തരം ഓര്‍ത്തെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയം വേണ്ടി വന്നാല്‍ ക്ഷമയോടെ കാത്തിരിക്കും. തിടുക്കപ്പെട്ട് അവരുടെ ആത്മവിശ്വാസം കെടുത്തുന്ന യാതൊരു നടപടികള്‍ക്കും പുഷ്പ മുതിരില്ല. ശാന്തതയും ക്ഷമയും ആവശ്യമാണെങ്കിലും തന്നിരിക്കുന്ന സമയത്തിനകത്ത് പരീക്ഷ എഴുതിത്തീര്ക്കേണ്ടത് മറന്നുകൂടാ. അതുകൊണ്ട് പരീക്ഷ എഴുതിക്കൊടുക്കല്‍ അത്ര നിസാരമല്ല. പരീക്ഷയുളളതിനനുസരിച്ച് തന്റെ ജോലി ക്രമപ്പെടുത്തിയാണ് പുഷ്പ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എത്തുന്നത്. മൂന്ന് മൂന്നര മണിക്കൂറാണ് ഒരു പരീക്ഷയ്ക്ക് ആവശ്യമായി വരിക. ഒന്നുകില്‍ ഓഫെടുക്കും അല്ലെങ്കില്‍ ഷിഫ്റ്റില്‍ മാറ്റം വരുത്തും. പുഷ്പ ജോലി ചെയ്യുന്ന സ്ഥാപനവും ഇവർക്ക് പൂര്‍ണ പിന്തുണ നല്കുന്നു.
വളരെ ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണ് പുഷ്പ. ഒരിക്കല്‍ സ്കൂള്‍ ഫീസ് അടക്കാന്‍ സാധിക്കാത്തതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. അന്ന് അയല്‍ക്കാരനാണ് പുഷ്പയെ സഹായിച്ചത്. പ്രീയൂണിവേഴ്സിറ്റിക്ക് പഠിക്കുന്നതിനിടയില്‍ ഫീസടക്കാന്‍ പ്രയാസം നേരിട്ട സാഹചര്യത്തില്‍ പോളിയോ ബാധിതനായ ഒരു വ്യക്തി പുഷ്പയ്ക്ക് സഹായവുമായെത്തി. പിന്നീട് ഇവരുടെ കടം തീര്‍ക്കാന്‍ സാധിച്ചെങ്കിലും ഈ സംഭവങ്ങളാണ് നന്മയിലുളള പുഷ്പയുടെ വിശ്വാസമുയര്ത്തിയത്. തനിക്ക് ഒരിക്കല്‍ ലഭിച്ച സഹായങ്ങള്‍ക്ക് തന്നാലാവും വിധം മറ്റുളളവര്‍ക്ക് സഹായം ചെയ്തുകൊണ്ടാണ് പുഷ്പ നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നത്. "കുട്ടികള്‍ക്ക് പരീക്ഷ എഴുതിക്കൊടുക്കുമ്പോഴും അവര്‍ നല്ല മാര്‍ക്ക് വാങ്ങുമ്പോഴും എനിക്ക് വലിയ സന്തോഷമാണ്. എന്റെ സ്വന്തം പരീക്ഷകള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ പോലും എനിക്കത്രയും സന്തോഷം തോന്നിയിട്ടുളളതായി ഞാന്‍ ഓര്‍ക്കുന്നില്ല."- പുഷ്പ പറയുന്നു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍