• 27 May 2019
  • 12: 03 PM
Latest News arrow

വിവാദ പ്രസംഗം: ശ്രീധരന്‍ പിളളയ്‌ക്കെതിരെ ശശിതരൂരിന്റെ മാനനഷ്ടക്കേസ്

തിരുവനന്തപുരം: തനിക്കെതിരെ വിവാദ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി കോണ്‍ഗ്രസ് എംപി ശശിതരൂര്‍. തരൂരിന്റെ മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടു എന്ന ശ്രീധരന്‍പിള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് അടിസ്ഥാനം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിജെഎം കോടതി തരൂരിന്റെ മൊഴിയെടുക്കാന്‍ ഈ മാസം 25 ലേക്ക് മാറ്റി. 
'തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്നായിരുന്നു' ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 
അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തിരവളാണ് തരൂരിന്റെ രണ്ടാമത്തെ ഭാര്യയെന്നും കേസിന്റെ നിയമോപദേശത്തിനായി തന്റെ അടുത്ത് അവര്‍ വന്നിരുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് പുറത്ത് പറയാത്തതെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.